ബെംഗളൂരു: നാലുവയസ്സുകാരനായ മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാർ. പോലീസ് നടത്തിയ നീക്കത്തിനൊടുവില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു.ഫെബ്രുവരി 14-ന് ബെംഗളൂരുവിലാണ് സംഭവം യാത്രകഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാർ ടാക്സിയില്‍നിന്നിറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ പിൻസീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയില്ല എന്നത് അവർ ശ്രദ്ധിച്ചില്ല. ദമ്പതിമാർ ഇറങ്ങിയ ഉടൻ ഡ്രൈവർ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടൻതന്നെ Namma 112 എന്ന ഹെല്പ്പ്ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പോലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.സന്ദേശം ലഭിച്ച് രണ്ടുമിനിറ്റിനുള്ളില്‍ പോലീസ് സംഭവസ്ഥലത്തെത്തി. ടാക്സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കി. വണ്ടിയുമായി ഉടൻതന്നെ മാതാപിതാക്കളുടെ അപ്പാർട്ട്മെന്റിലെത്തണമെന്ന നിർദേശവും നല്കി. ബെംഗളൂരു പോലീസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കള്‍ക്കടുത്തെത്തിക്കാൻ കഴിഞ്ഞു.
കുഞ്ഞ് കാറിലുണ്ടെന്നത് മറന്ന് ടാക്സി പറഞ്ഞുവിട്ടു; ബെംഗളൂരുവില്‍ പോലീസ് ഇടപെടലില്‍ കുട്ടിയെ തിരികെ കിട്ടി
previous post