ബെംഗളൂരു : പുതുവർഷം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ആഘോഷത്തിനൊരുങ്ങി നഗരം. തെരുവുകൾ വൈദ്യുത ദീപങ്ങൾകൊണ്ട് അലങ്കരിച്ചും സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചും ദിവസങ്ങൾക്കുമുമ്പേ തുടങ്ങിയ മുന്നൊരുക്കങ്ങൾ ഞായറാഴ്ച രാവിലെയോടെ പൂർത്തിയാകും. വൈകീട്ടുമുതലാണ് ആഘോഷങ്ങൾ തുടങ്ങുക. തെരുവുകളിലുള്ള അലങ്കാരങ്ങൾക്കൊപ്പം ഹോട്ടലുകളിലും പബ്ബുകളിലുമൊരുക്കുന്ന നൃത്ത, സംഗീത പരിപാടികളും ആഘോഷത്തിന് നിറംപകരും.അതേസമയം പഴുതടച്ച സുരക്ഷയൊരുക്കാൻ 8000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കൊമേഴ്ഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിന് വാച്ച് ടവറുകളുണ്ടാകും. 1200 സി.സി.ടി.വി. ക്യാമറകളും വിവിധഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണംനടത്താനുള്ള സംവിധാനം, മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനായി 48 താത്കാലിക ചെക്പോസ്റ്റുകൾ എന്നിവയാണ് പോലീസ് ഒരുക്കിയ മറ്റു സുരക്ഷാ സംവിധാനങ്ങൾ.
മേൽപ്പാതകൾ അടച്ചിടും:സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി ഞായറാഴ്‌ച രാത്രി 11 മുതൽ തിങ്കളാഴ്ച പുലർച്ചെ ആറുവരെ വിമാനത്താവളം റോഡിലേത് ഒഴികേയുള്ള മേൽപ്പാതകൾ പൂർണമായും അടച്ചിടും. ഹെന്നൂർ, ഐ.ടി.സി. ജങ്ഷൻ, ബാനസവാടി മെയിൻ റോഡ്, ലിംഗരാജപുര, ഹെന്നൂർ മെയിൻ റോഡ്, കൽപ്പള്ളി റെയിൽവേ ഗേറ്റ്, ഡൊംലൂർ, നാഗവാര, മേദഹള്ളി, ഒ.എം.റോഡ്, ദേവരബീസനഹള്ളി, മഹാദേവനപുര, ദൊഡ്ഡനഗുണ്ഡി എന്നിവിടങ്ങിലെ മേൽപ്പാതകളാണ് അടച്ചിടുക.
ഞായറാഴ്ച്‌ച രാത്രി എട്ടുമുതൽ തിങ്കളാഴ്ച പുലർച്ചെ ഒന്നുവരെ എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, അനിൽകുംബ്ലെ സർക്കിൾ, റസിഡൻസി റോഡ്, മയോഹാൾ, കബൺ റോഡ്, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഞായറാഴ്ച വൈകിട്ട് നാലുമുതൽ ഇവിടെ പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.
അധിക സർവീസുകളുമായി ബി.എം.ടി.സി.:ആഘോഷത്തോടനുബന്ധിച്ച് എം.ജി.റോഡ് പരസരത്തു നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അധിക സർവീസുകളുമായി ബി.എം.ടി.സി. പുലർച്ചെ രണ്ടുവരെയാണ് സർവീസുകളുണ്ടാകുക.കാടുഗോഡി, സർജാപുര, ഇലക്ട്രോണിക് സിറ്റി, ബെന്നാർഘട്ട, കെങ്കേരി, നയന്ദനഹള്ളി, ജ്ഞാനപ്രിയ ടൗൺഷിപ്പ്, നെലമംഗല, യെലഹങ്ക, നാഗവാര, ബാഗലൂരു, ഹൊസക്കോട്ടെ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളുണ്ടാകും. അതേസമയം, ബെംഗളൂരു മെട്രോയും പുലർച്ചെ 1.30 വരെ സർവീസ് നടത്തും.
ഗ്ലൗസ് ഫാക്ടറിയില്‍ വൻ തീപിടിത്തം; ആറുപേര്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഛത്രപതി സംഭാജിനഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 02:15 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു, ഞങ്ങള്‍ സംഭവസ്ഥലത്ത് എത്തുമ്ബോള്‍, ഫാക്ടറി മുഴുവൻ തീപിടിച്ചിരുന്നു. ആറ് പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ അകത്ത് കയറി പരിശോധിച്ചപ്പോള്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
– അഗ്നിശമന ഉദ്യോഗസ്ഥനായ മോഹൻ മുഗ്സെ എഎൻഐയോട് പറഞ്ഞു.കമ്ബനി അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. തീപിടിത്തം ഉണ്ടാകുമ്ബോള്‍ 10-15 തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ചിലര്‍ രക്ഷപ്പെട്ടു, എന്നാല്‍ ബാക്കിയുള്ളവര്‍ അകത്ത് കുടുങ്ങുകയായിരുന്നു. അതേസമയം, തീപിടിക്കാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.