ബെംഗളൂരു: രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള വമ്പൻ നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക പലപ്പോഴും ഞെട്ടിക്കുന്ന നിലയിലാണ്.ഡല്‍ഹിയിലെ വായു മലിനീകരണം എല്ലാ വർഷവും പതിവാണ്. ശുദ്ധവായുവിൻ്റെ അഭാവം നഗരത്തെ ആശങ്കയിലാഴ്ത്തുകയും ആളുകളില്‍ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയുന്നുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ബാധിക്കുന്ന ഈ അവസ്ഥ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കും വ്യാപിക്കുന്നതായുള്ള കണക്കുകളാണ് പുറത്തുവരുന്നത്.കേരളത്തില്‍ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക ആശങ്കപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകള്‍ ആഴ്ചകള്‍ക്ക് മുൻപ് പുറത്തുവന്നെങ്കിലും ഔദ്യോഗിക റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നില്ല. ഐടി നഗരമായ ബെംഗളൂരുവിലെ വായു ഗുണനിലവാര സൂചിക വഷളാകുവെന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കർണാടകയിലുടനീളമുള്ള വായു ഗുണനിലവാരം കുത്തനെ വഷളായി. ഐടി നഗരമായ ബെംഗളൂരുവിലും ശിവമോഗ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വായു ഗുണനിലവാരം കുത്തനെ വഷളായിക്കൊണ്ടിക്കുകയാണ്. വായു ഗുണനിലവാര സൂചികയിലെ മാറ്റം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.ബെംഗളൂരു, ശിവമോഗ, മംഗളൂരു, ഉഡുപ്പി എന്നിവയുള്‍പ്പെടെ കർണാടകയിലെ നിരവധി പ്രധാന നഗരങ്ങളിലെ വായു ഗുണനിലവാരം ഗണ്യമായി വഷളാകുകയാണ്. ബെലഗാവി, ഹുബ്ബള്ളി, ഉഡുപ്പി, മംഗളൂരു നഗരങ്ങളിലെയും വായു ഗുണനിലവാര സൂചിക ആശങ്കപ്പെടുത്തുന്നതാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടകയില്‍ പ്രധാന നഗരങ്ങളിലടക്കം വായു മലിനീകരണ തോത് ക്രമാനുഗതമായി വർധിക്കുന്നുണ്ട്. ഒന്നിലധികം ജില്ലകളിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ആശങ്കപ്പെടുത്തുന്നതാണ്. ഏറ്റവും മോശമായ അവസ്ഥ ശിവമോഗയിലാണ്. നഗരത്തിലെ എക്യുഐ 176 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തോത് 200നോട് അടുത്താല്‍ ‘അനാരോഗ്യകരമായ’ വിഭാഗത്തിലേക്ക് കടക്കും. ഈ അവസ്ഥയില്‍ വായു ശ്വസിച്ചാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ആസ്ത്മ വർധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ മറ്റ് സങ്കീർണതകള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നല്കി.ഈ ആഴ്ച ആദ്യം ഗുരുതരമായ അവസ്ഥയിലേക്ക് താഴ്ന്ന ബെംഗളൂരുവിലെ വായു ഗുണനിലവാര സൂചികയില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. നിലവില്‍ 125ലാണ് ബെംഗളൂരുവിലെ വായു ഗുണനിലവാര സൂചിക. വായു ഗുണനിലവാര സൂചികയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിലവിലെ മലിനീകരണ തോത് ദോഷകരമായി തുടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ തോത് തുടരുകയും വായു തുടർച്ചയായി ശ്വസിക്കുകയും ചെയ്താല്‍ പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായ പൗരന്മാർ, ശ്വസന പ്രശ്നങ്ങള്‍ ഉള്ളവർ എന്നിവരുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.കർണാടകയിലെ പ്രധാന നഗരങ്ങളിലുടനീളമുള്ള നിലവിലെ വായു ഗുണനിലവാര സൂചിക (എക്യുഐ)ബെംഗളൂരു – 125, മംഗളൂരു – 150, മൈസൂരു – 137, ബെലഗാവി – 157, കലബുറഗി – 126, ശിവമൊഗ്ഗ – 176, ബല്ലാരി – 114, ഹുബ്ബള്ളി – 151, ഉഡുപ്പി – 150, വിജയപുര – 121.എക്യുഐ വിഭാഗങ്ങളെ തരംതിരിക്കുന്ന തോത് ഇങ്ങനെനല്ലത്: 0-50മിതമായത്: 51 – 100മോശം: 101 – 150അനാരോഗ്യകരം: 151 – 200വളരെ അനാരോഗ്യകരം: 201 – 300അപകടകരമായത്: 301 – 500+