ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലും പ്രവർത്തനം തുടങ്ങിയതോടെ വളരെ വേഗത്തിലാണ് വിമാനത്താവളത്തിൻ്റെ വളർച്ച. സുരക്ഷാ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങൾ അവതരിപ്പിക്കുകയും ടെർമിനലുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തത് യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നു.
2008 മേയിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങിയശേഷം ഇതുവരെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 30 കോടി കവിഞ്ഞതിന്റെ അഭിമാനത്തിലാണ് വിമാനത്താവളം ഇപ്പോൾ. 2022 ജൂണിലായിരുന്നു വിമാനത്താവളത്തിൽ 25 കോടി യാത്രക്കാർ പിന്നിട്ടത്. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം.കഴിഞ്ഞവർഷം അവസാനമാണ് രണ്ടാം ടെർമിനൽ ഉദ്ഘാടനം ചെയ്‌തത്. ഈ വർഷം ആദ്യം ഇവിടെനിന്ന് സർവീസുകൾ ആരംഭിക്കുകയും ചെയ്തു.
നൂതനസംവിധാനങ്ങൾ:ബെഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ യാത്രക്കാരുടെ സുരക്ഷാപരിശോധനയ്ക്ക് നൂതനമായ കംപ്യൂട്ടർ ടോമോഗ്രാഫി എക്സ‌് റേ (സി.ടി.എക്സ്.) സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. യാത്രക്കാർക്ക് സുരക്ഷാ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാൻഡ് ബാഗിൽനിന്ന് നീക്കേണ്ടിവരില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.ഓട്ടോമാറ്റിക് ട്രേ റിട്രൈവൽ സിസ്റ്റത്തോടെയുള്ള സി.ടി.എക്സ്. യന്ത്രം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകും കെംപെഗൗഡ വിമാനത്താവളം. ഇതുകൂടാതെ യാത്രക്കാർക്ക് സൗകര്യപ്രദമായ മറ്റു ചില സംവിധാനങ്ങളും നടപ്പാക്കിവരുന്നുണ്ട്.
കലാസ്വാദനത്തിന് അവസരം:അൺബോക്സസിങ് ബെംഗളൂരു ഹബ്ബ’യുടെ ഭാഗമായി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ യാത്രക്കാർക്ക് കലാസ്വാദനത്തിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ‘ബി.എൽ.ആർ. എയർപോർട്ട് ആർട്ട് വാക്ക്ത്രൂ’ എന്നപേരിൽ ഡിസംബർ പത്തുവരെയാണ് പരിപാടി. ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള കലാരൂപങ്ങൾ ആസ്വദിക്കാനും കലാരൂപങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും യാത്രക്കാർക്ക് അവസരം ലഭിക്കുകയാണ് ഇവിടെ. വിമാനത്താവളത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ. കോഡ് സ്‌കാൻചെയ്തും അൺബോക്സിങ് ബെംഗളൂരു ഹബ്ബ വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം.
യാത്രാ ടിക്കറ്റും ബോർഡിങ് പാസും ഉള്ളവർക്കേ പങ്കെടുക്കാൻ സാധിക്കൂ. പരമാവധി 90 മിനിറ്റാണ് അനുവദിച്ചിട്ടുള്ള സമയം. ഇന്റർനാഷണൽ യാത്രക്കാർക്കുള്ള സ്റ്റാർട്ട് പോയന്റ് ചെക്ക് ഇൻ ഹാളിലെ കോഫി ബീൻ ആൻഡ് ടീ ലീഫ് ഔട്ട്ലറ്റ്ലെറ്റാണ്. ആഭ്യന്തര യാത്രക്കാർക്കുള്ള സ്റ്റാർട്ട് പോയന്റ് ചെക്ക് ഇൻ ഹാളിലെ കായോസ് ഔട്ട്ലറ്റ്ലെറ്റാണ്.ബോർഡിങ് ഗേറ്റിലാണ് വാക്ക്ത്രൂ അവസാനിക്കുക. വാക്ക്‌ത്രൂവിന് കയറുന്ന യാത്രക്കാർ അതിനനുസരിച്ച് യാത്രാ സമയം പ്ലാൻ ചെയ്യണം. 10.30 മുതൽ 12 വരെയാണ് സമയം.