ബെംഗളൂരു : ഹൈദരാബാദിലെ മാലിന്യത്തിൽനിന്ന് ബയോഗ്യാസ് ഉദ്പാദിപ്പിക്കുന്ന അത്യാധുനിക പ്ലാന്റ് സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇന്ത്യ മുന്നണിയുടെ പ്രവർത്തക സമിതിയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാലിന്യ പ്ലാന്റിലും നഗരത്തിലെ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയത്.നേരത്തേ ബെംഗളൂരുവിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ അത്യാധുനിക രീതിയിലുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് സൂചന.
ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റുകളുടെ അഭാവമാണ് നഗരത്തിലെ മാലിന്യസംസ്കരണം കീറാമുട്ടിയാക്കുന്നതെന്ന് വിവിധകോണുകളിൽനിന്ന്ആരോപണമുയർന്നിരുന്നു. മാലിന്യം കത്തിച്ചുകളയുകയും പാറമടകളിൽ ഉപേക്ഷിക്കുകയാണ് നഗരത്തിലെ ഇപ്പോഴത്തെ രീതി. ഇത് ഭാവിയിൽഗുരുതരമായപ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. മാലിന്യസംസ്കരണത്തിന് കൂടുതൽ ആധുനികമായ സാങ്കേതിക വിദ്യകൾ കണ്ടെത്തുന്നതിലൂടെ മാത്രമേനഗരത്തിന്റെ മാലിന്യപ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
മാലിന്യം ശേഖരിച്ച് സംസ്കരിച്ച ശേഷം ബയോഗ്യാസാക്കി മാറ്റി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യുന്നരീതിയിലാണ് ഹൈദരാബാദിലെ മാലിന്യപ്ലാന്റ് പ്രവർത്തിക്കുന്നത്. മാലിന്യം വേർതിരിച്ച് ശേഖരിച്ചാണ് പ്ലാന്റിലെത്തിക്കുന്നത്. ഇതിനായി പൊതുസ്ഥലങ്ങളിൽ മാലിന്യം വേർതിരിച്ച് നിക്ഷേപിക്കാനുള്ള സംവിധാനവും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ മാലിന്യം വേർതിരിച്ച് നിക്ഷേപിക്കാനുള്ള സംവിധാനവും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരുവിലും സമാനമാതൃകയിലുള്ള സംസ്കരണകേന്ദ്രം നിർമിച്ചാൽ മാലിന്യപ്രശ്നത്തിന്പൂർണപരിഹാരമാകുമെന്നാണ് പ്രതീക്ഷ.നേരത്തേയും ഇത്തരംമാലിന്യസംസ്കരണ കേന്ദ്രങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല.
പാർപ്പിട സമുച്ചയങ്ങൾക്ക് മികച്ചമാതൃക:പാർപ്പിട സമുച്ചയങ്ങളിൽ നിർമിക്കാവുന്ന മികച്ച മാതൃകയാണ് ബയോഗ്യാസ് മാലിന്യപ്ലാന്റുകളെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാലിന്യങ്ങൾ സമയബന്ധിതമായി സംസ്കരിക്കാൻ കഴിയുന്നതിനൊപ്പം വീടുകളിൽ ഉപയോഗിക്കാൻ ബയോഗ്യാസും ഇതിലൂടെ ലഭ്യമാകും. ഓരോ പാർപ്പിട സമുച്ചയത്തിന്റേയും വലിപ്പത്തിനനുസരിച്ച് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചാൽ മതിയാകും. ഇത്തരം പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള സാമ്പത്തിക സഹായം സർക്കാറിൽ നിന്ന് ലഭ്യമാക്കണമെന്നും നേരത്തേ ആവശ്യമുയർന്നിരുന്നു