Home Featured മഴയിൽ മുങ്ങി ബെംഗളൂരു നഗരം;പലയിടങ്ങളും വെള്ളക്കെട്ടിൽ: വാഹന ഗതാഗതം തടസ്സപ്പെട്ടു .

മഴയിൽ മുങ്ങി ബെംഗളൂരു നഗരം;പലയിടങ്ങളും വെള്ളക്കെട്ടിൽ: വാഹന ഗതാഗതം തടസ്സപ്പെട്ടു .

ബെംഗളൂരു : കനത്തമഴയിൽ ബെംഗളൂരുവിന്റെ പലയിടങ്ങളും വെള്ളത്തിലായി. ഞായറാഴ്‌ച രാത്രി വൈകിയും തിങ്കളാഴ്‌ച പുലർച്ചെയുമായി പെയ്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകാൻ വാഹനവുമായി ഇറങ്ങിയവർ കുടുങ്ങി. റോഡ് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു വെള്ളക്കെട്ട്.

ബെംഗളൂരുവിൻ്റെ കിഴക്കൻമേഖലയിലും വടക്കൻ മേഖലയിലുമാണ് കൂടുതൽ മഴപെയ്തത്.ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30 വരെ ബെംഗളൂരുവിൽ 74 മില്ലിമീറ്റർ മഴപെയ്തു. വെള്ളിയാഴ്ചവരെ ബെംഗളൂരുവിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

കിഴക്കൻ ബെംഗളൂരുവിൽ റോഡിൽ വെള്ളക്കെട്ട് കാരണം പലർക്കും രാവിലെ ഓഫീസിലെത്താൻ സാധിച്ചില്ല. ഒട്ടേറെപ്പേർ തിങ്കളാഴ്ച‌ വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. താഴ്ന്ന്‌ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. തിങ്കളാഴ്ച‌ രാവിലെതന്നെ ട്രാഫിക് പോലീസ് വെള്ളക്കെട്ടിനെക്കുറിച്ച് നഗരവാസികൾക്ക് എക്സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

വെള്ളക്കെട്ട് ദുരിതം:ബെംഗളൂരു: കനത്തമഴയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് തിങ്കളാഴ്ച‌ രാവിലെ നഗരത്തിലെ ചില സ്ഥലങ്ങളിൽ കുട്ടികളെയും കൊണ്ടുപോയ സ്കൂൾ ബസുകൾ വെള്ളക്കെട്ടിൽ കുടുങ്ങി. കുന്ദലഹള്ളിക്കും തുബരഹള്ളിക്കും ഇടയിൽ വെള്ളക്കെട്ടിൽ വാഹനം നിന്നു പോയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

ഔട്ടർ റിങ് റോഡിൽ നാഗവാര ജങ്ഷനും ഹെബ്ബാളിനും ഇടയിലും ഹെബ്ബാൾ മേൽപ്പാലത്തിന്റെ റാംപുകളിലും വീരസാന്ദ്രയിലും വലിയതോതിൽ വെള്ളക്കെട്ടുണ്ടായി. റോഡിലെ വെള്ളക്കെട്ട് കാരണം ബെന്നാർഘട്ട റോഡ്, മടിവാള, രൂപേന അഗ്രഹാര, ജയദേവ അടിപ്പാത എന്നിവിടങ്ങളിൽ രാവിലെ പത്തുമണിയോടെ വൻ ഗതാഗതക്കുരുക്കുണ്ടായി. ഇതേത്തുടർന്ന് സിൽക്ക് ബോർഡ് മേൽപ്പാലത്തിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.

സർജാപുര മെയിൻ റോഡിൽ അഗര ക്ഷേത്രം മുതൽ റെയിൻബോ ഡ്രൈവ് വരെ വാഹനങ്ങൾ കുടുങ്ങി. മാറത്തഹള്ളി, വർത്തൂർ കൊടി, കല്യാൺനഗർ, കസ്തൂ‌രിനഗർ അണ്ടർപാസ്, പുട്ടെനഹള്ളി, എം.എസ്. പാളയ, സക്ര ആശുപത്രി റോഡ്, ബെലങൂർ എന്നിവിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ബലഗെരെയെയും മാറത്തഹള്ളിയേയും ബന്ധിപ്പിക്കുന്ന റോഡ് തോടു പോലെയായി.

ബൃഹത് ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) ഹെൽപ്പ് ലൈനിലേക്ക് ഒട്ടേറെ പരാതികളാണ് ലഭിച്ചത്. വർത്തൂർ, ഗുഞ്ചൂർ, ബലഗെരെ, മഹാദേവപുര എന്നിവിടങ്ങളിൽ സ്ഥിതി വളരെ രൂക്ഷമായിരുന്നു. പനത്തൂർ റെയിൽവേ അടിപ്പാതയിൽ വൻതോതിൽ വെള്ളക്കെട്ടുണ്ടായി.മഴയെത്തുടർന്ന് പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും വാഹന ഗതാഗതം തടസ്സപ്പെട്ടു.

സർക്കാരിനെതിരേ ബി.ജെ.പി.:ബെംഗളൂരുവിൽ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നതിൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബി.ജെ.പി. നേതാക്കൾ രംഗത്തെത്തി.ബെംഗളൂരുവിനെ ലണ്ടൻ പോലെയാക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്‌തതെന്നും എന്നാൽ വെനീസ് പോലെയാണ് ആയതെന്നും ബി.ജെ.പി. എം.പി. പി.സി. മോഹൻ പറഞ്ഞു. നഗരത്തിൽ കോർപ്പറേഷൻ ഭരണത്തിന്റെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമെന്ന് തേജസ്വി സൂര്യ എം.പി. ആരോപിച്ചു.

ഡി.കെ. ശിവകുമാർ സന്ദർശിച്ചു:വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്ദർശനം നടത്തി.അപ്പാർട്ട്മെന്റുകളിലും വീടുകളിലും വെള്ളം കയറുന്നത് പരിഹരിക്കാമെന്ന് ശിവകുമാർ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ രൂക്ഷമാണെന്നും മലയോര ജില്ലകളിൽ മഴ ശക്തമായതിനാലാണ് അണക്കെട്ടുകൾ വേഗത്തിൽ നിറയുന്നതെന്നും ശിവകുമാർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group