ബെംഗളൂരു : ബൈയപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള റെയിൽപ്പാതയിരട്ടിപ്പിക്കൽ പദ്ധതിയുടെ ജോലികൾ അതിവേഗം പുരോഗമിക്കുന്നു.48 കിലോമീറ്റർ പാതയുടെ ഒരുഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്കകം പൂർത്തിയായേക്കും. 3.5 കിലോമീറ്റർ വരുന്ന ബെലന്തൂർ റോഡ് – കർമലാരം ഭാഗത്തെ പാതയിരട്ടിപ്പിക്കലാണ് മാർച്ചോടെ പൂർത്തിയാകുന്നത്. കർമലാരംമുതൽ ഹീലലിഗെവരെയുള്ള 10.5 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽജോലികൾ നേരത്തേ പൂർത്തിയായിരുന്നു.ബൈയപ്പനഹള്ളിയിൽ നിന്നാരംഭിച്ച് ബെലന്തൂർ റോഡ്, കർമലാരം, ഹസ്കുരു, ഹീലലിഗെ, ആനെക്കൽ, മരനായകനഹള്ളി വഴി ഹൊസൂർവരെയാണ് പാതയിരട്ടിപ്പിക്കൽ നടക്കുന്നത്.
2024 ഡിസംബറോടെ പാതയിരട്ടിപ്പിക്കൽ ജോലികൾ പൂർണമായും കഴിയുമെന്നാണ് കണക്കുകൂട്ടൽ. ബെംഗളൂരു സിറ്റി, യെശ്വന്തപുര, കന്റോൺമെന്റ് സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പാസഞ്ചർ തീവണ്ടികൾ ഹൊസൂരിലേക്ക് സർവീസ് നടത്താനും സാധിക്കും. മാത്രമല്ല ബെംഗളൂരുവിൽനിന്ന് ഹൊസൂർവഴി സേലംറൂട്ടിലോടുന്ന തീവണ്ടികൾ സ്റ്റേഷനുകളിൽ പിടിച്ചിടാതെ സർവീസ് നടത്താനുമാകും. ഇലക്ട്രോണിക്സിറ്റി ഫേസ് രണ്ടിൽനിന്ന് മൂന്നു കിലോമീറ്ററും ഒന്നിൽനിന്ന് അഞ്ചുകിലോമീറ്ററും മാത്രം അകലെയാണ് ഹീലലിഗെ റെയിൽവേ സ്റ്റേഷൻ വരുന്നത്. അതിനാൽ ഈ റൂട്ടിൽ കൂടുതൽ തീവണ്ടിവരുന്നത് തെക്കൻ ബെംഗളൂരുവിലുള്ളവർക്ക് ഏറെ പ്രയോജനപ്പെടും.
കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് എന്റർപ്രൈസസ് (കെ റൈഡ്) ആണ് പാത ഇരട്ടിപ്പിക്കൽ ജോലികൾ ചെയ്യുന്നത്. ഏഴുകിലോമീറ്റർ വരുന്ന ആനെക്കൽ – മരനായകനഹള്ളി പാതയും ഉടൻതന്നെ കമ്മിഷൻ ചെയ്യാനാണ് കെ-റൈഡ് ലക്ഷ്യമിടുന്നത്. 2024 മാർച്ചോടെ കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് ഹീലലിഗെയിലേക്ക് ഓരോ 30 മിനിറ്റിലും ഒരു തീവണ്ടി വെച്ച് ഓടിക്കാനാകുമെന്നാണ് പ്രതീക്ഷ. കന്റോൺമെന്റ് – ഹൊസൂർ റൂട്ടിൽ കൂടുതൽ തീവണ്ടികൾ ഓടിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങളാണ് അധികൃതർ ചെയ്തുവരുന്നത്. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നാലു പുതിയ പ്ലാറ്റ്ഫോമുകൾ നിർമിച്ചിട്ടുള്ളതും ഇതിന്റെ ഭാഗമായിട്ടാണ്. 498 കോടി രൂപ ചെലവിലാണ് പാത ഇരട്ടിപ്പിക്കുന്നത്. മൂന്നുവർഷം മുമ്പാണ് ദക്ഷിണ പശ്ചിമ റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലി കെ റൈഡിന് കൈമാറിയത്.
യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു; കൊലപാതകം 1.9 കോടിയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ
ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.മൊറാര്‍ സ്വദേശിയായ ജഗദീഷ് ജാതവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഗ്വാളിയോറിലെ അന്ത്രിയില്‍ രണ്ടാഴ്ച മുമ്ബാണ് സംഭവം നടന്നത്. ജഗദീഷിന്റെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഗ്വാളിയോര്‍ പോലീസ് പറഞ്ഞു. ജഗദീഷിനെ തന്ത്രപരമായി വിളിച്ചുവരുത്തിയ പ്രതികള്‍ ലഹരിവസ്തുക്കള്‍ നല്‍കുകയും തുടര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. ജഗദീഷിന്റെ പേരിലുള്ള വിവിധ ഇൻഷുറൻസുകളുടെ തുകയായ 1.9 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
പ്രതികള്‍ തന്നെയാണ് ജഗദീഷിനെ കൊണ്ട് ഇൻഷുറൻസ് പോളിസികള്‍ എടുപ്പിച്ചത്. പതിമ്മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. ജഗദീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്ഘട്ട അന്വേഷണം. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നാം പ്രതി ഒളിവിലാണ്.