ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന്‍റെ പരിശീലനത്തിന്‍റെ മറവില്‍ കര്‍ണാടകയില്‍ സ്വകാര്യ സ്ഥാപനം വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ബംഗളൂരു മുനിസിപ്പല്‍ കോര്‍പറേഷനായ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ആണ് നടപടിയെടുത്തത്.
ബംഗളൂരുവിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളുടെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ (ഇ.ആര്‍.ഒ) ആണ് ഇവര്‍. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ ‘ഷിലുമെ എജുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഷിലുമെ ട്രസ്റ്റ്) ബംഗളൂരുവിലെ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി എന്നാണ് കേസ്.
ബി.എല്‍.ഒമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഷിലുമെ നിയമിച്ച ആളുകള്‍ക്ക് നല്‍കിയത് ഈ ഉദ്യോഗസ്ഥര്‍ ആണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മഹാദേവപുര മണ്ഡലത്തിന്‍റെ ചുമതലയുള്ള കെ. ചന്ദ്രശേഖര്‍, ചിക്പേട്ടിന്‍റെ ചുമതലയുള്ള വി.ബി. ഭീമശങ്കര്‍, ശിവാജിനഗറിന്റെ ചുമതലയുള്ള സുഹൈല്‍ അഹ്മദ് എന്നിവരെയാണ് ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥ് സസ്പെന്‍ഡ് ചെയ്തത്.
ഇവരോട് നഗരം വിടരുതെന്നും മാതൃവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. സ്വകാര്യ സ്ഥാപനം നിയോഗിച്ച വ്യക്തികള്‍ക്ക് ബ്ലോക്ക് ലെവല്‍ ഓഫിസര്‍ (ബി.എല്‍.ഒ) എന്ന് രേഖപ്പെടുത്തിയ ഇ.ആര്‍.ഒമാര്‍ ഒപ്പിട്ട തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ പാടില്ല.
സംഭവത്തില്‍ പൊലീസിന്‍റേയും തെരഞ്ഞെടുപ്പ് കമീഷന്‍റെയും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഷിലുമെയുടെ സഹസ്ഥാപകനായ കൃഷ്ണപ്പ രവികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച്.ആര്‍. ജീവനക്കാരന്‍ ധര്‍മേഷ് എന്നിവരും നേരത്തേ അറസ്റ്റിലായിട്ടുണ്ട്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ബി.ബി.എം.പി ആണ് ഷിലുമെക്ക് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്.
മാലിന്യം വിറ്റ് നേടിയത് രണ്ട് ലക്ഷത്തോളം രൂപ: ഹരിത കേരളത്തിന് മാതൃകയായി ചോറ്റാനിക്കര പഞ്ചായത്ത്
ചോറ്റാനിക്കര: ഹരിത കേരളത്തിന് മാതൃകയായി ചോറ്റാനിക്കര പഞ്ചായത്ത്. 270 ടണ്‍ മാലിന്യങ്ങള്‍ നീക്കി പഞ്ചായത്ത് നേടിയത് രണ്ട് ലക്ഷത്തോളം രൂപയാണ്. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അജൈവമാലിന്യ ശേഖരണത്തിലൂടെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്ത് ഇത്രയും തുക നേടിയത്.
പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നായി 28 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ് അജൈവമാലിന്യങ്ങള്‍ ശേഖരിച്ചത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനായി ബയോ ബിന്‍, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ജൈവ മാലിന്യങ്ങള്‍ ഉപയോഗിച്ച് കൃഷിഭവന്റെ സഹകരണത്തോടെ ജൈവാമൃതം വളം നിര്‍മ്മാണവും പഞ്ചായത്ത് ചെയ്യുന്നുണ്ട്.