ബംഗളുരു: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെആർ, കലാശിപാളയ മാർക്കറ്റുകളിലെ തിരക്ക് കുറക്കാൻ വ്യാപാരികളെ മാർകറ്റിൽ നിന്ന് മാറ്റാൻ വെള്ളിയാഴ്ച ബിബിഎംപി ഉത്തരവിട്ടു.
രണ്ട് ദിവസം മുമ്പ്, ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) മാർക്കറ്റ് വിഭാഗം വ്യാപാരികളെ മാറ്റാൻ നിർദ്ദേശിക്കുകയും വ്യാപാരികളുടെ അസോസിയേഷനിൽ നിന്ന് സഹകരണം ആവശ്യപ്പെടുകയും ചെയ്തു.
കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയും (ടിഎസി) ചില വ്യാപാരികളെ മാറ്റാൻ ശുപാർശ ചെയ്തു. മറ്റ് കച്ചവടക്കാർക്ക് കച്ചവടം നടത്തുന്നതിന് ഈ മാർക്കറ്റുകൾക്ക് ചുറ്റുമുള്ള റോഡുകളും തുറന്ന സ്ഥലങ്ങളും ബിബിഎംപി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.
ബിബിഎംപിയുടെ ഉത്തരവ് പ്രകാരം കെആർ മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാർ തങ്ങളുടെ വ്യാപാര പ്രവർത്തനങ്ങൾ അവന്യൂ റോഡ്, ന്യൂ തരഗുപേട്ട് മെയിൻ റോഡ്, ഗുണ്ടപ്പ റോഡ് എന്നിവിടങ്ങളിലേക്ക് മാറ്റണം. അതുപോലെ കലാശിപാളയ മാർക്കറ്റിന് സമീപമുള്ള വഴിയോര കച്ചവടക്കാർ സിൽവർ ജൂബിലി പാർക്ക് റോഡിലേക്ക് മാറണം.
കലാശിപാളയ മാർക്കറ്റിനുള്ളിലെ മൊത്തക്കച്ചവടക്കാർക്ക് ഇപ്പോൾ ഉച്ചകഴിഞ്ഞ് 3 മുതൽ പുലർച്ചെ 3 വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ.