ബെംഗളൂരു: ഓവുചാലുകളും കനാലുകളും കൈയേറിയുള്ള അനധികൃത നിർമിതികൾ ബി.ബി.എം.പി. വീണ്ടും ഒഴിപ്പിച്ചുതുടങ്ങി.ഞായറാഴ്ചമുതൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് പുനരാരംഭിക്കാനാണ് കഴിഞ്ഞദിവസം ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നിർദേശം നൽകിയിരുന്നതെങ്കിലും ശനിയാഴ്ചതന്നെ മഹാദേവപുര സോണിൽ കൈയേറ്റമൊഴിപ്പിക്കൽ തുടങ്ങുകയായിരുന്നു.ശനിയാഴ്ച രാവിലെ മഹാദേവപുര മെയിൻ റോഡിനോട് ചേർന്ന ഏതാനും അനധികൃത നിർമിതികൾ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചുനീക്കി.
വരുംദിവസങ്ങളിലും നടപടി തുടരും.കനാലുകളും ഓവുചാലുകളും സ്വകാര്യ വ്യക്തികൾ കൈയേറി അനധികൃത നിർമാണം നടത്തുന്നത് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാനിടയാക്കുന്നതായി ബി.ബി.എം.പി. നേരത്തേ കണ്ടെത്തിയിരുന്നു. മഹാദേവപുര ഇത്തരം കൈയേറ്റങ്ങൾ ഏറ്റവും കൂടുതലുള്ള സോണുകളിലൊന്നാണ്. ചെറുകിട കച്ചവടക്കാർമുതൽ വൻകിട ഐ.ടി. കമ്പനികൾവരെ കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്.
ഗേറ്റുകൾ നിർമിക്കാനും സുരക്ഷാജീവനക്കാർക്കുള്ള കാബിൻ നിർമിക്കാനും വാഹനം നിർത്താനുള്ള സൗകര്യമൊരുക്കാനുമാണ് വൻകിടക്കാർ ഓവുചാലുകളും കനാലുകളും കൈയേറിയത്. ഇവ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല.കൈയേറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കാനാണ് ബി.ബി.എം.പി.യുടെ തീരുമാനം. നേരത്തേ വൻകിടക്കാരെ ഒഴിവാക്കി സാധാരണക്കാരുടെ കൈയേറ്റങ്ങൾ മാത്രമാണ് ബി.ബി.എം.പി. ഒഴിപ്പിച്ചതെന്ന ആരോപണമുണ്ടായിരുന്നു.
ഇത്തവണ ഇത്തരം പരാതികൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് ചീഫ് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.മഹാദേവപുര സോണിനുപിന്നാലെ കെ.ആർ. പുരം സോണിലേയും കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി ഉടൻ പുനരാരംഭിക്കും. 15 ദിവസത്തിനുള്ളിൽ രണ്ടുസോണുകളിലേയും കൈയേറ്റമൊഴിപ്പിക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ സെപ്റ്റംബറിലാണ് ബി.ബി.എം.പി.യുടെ നേതൃത്വത്തിൽ കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ തുടങ്ങിയതെങ്കിലും തിരഞ്ഞെടുപ്പിനെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു.