ബെംഗളൂരു: റവന്യൂ നികുതി പിരിവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബിബിഎംപിയുടെ റവന്യൂ വകുപ്പിൽ 12 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഈ സാമ്പത്തിക വർഷം വസ്തു നികുതി ഇനത്തിൽ 5,000 കോടി രൂപ സമാഹരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.പുതിയ 12 തസ്തികകളിൽ 10 എണ്ണവും അസിസ്റ്റന്റ് കമ്മീഷണർമാരാണ് എസി) നിയമിക്കപ്പെടുന്നത്.
കൂടാതെ സോണുകളിലെ റവന്യൂ കളക്ഷൻ മേധാവിയായിരിക്കും ഇവർ. സർക്കാർ സർക്കുലർ അനുസരിച്ച്, ഈ തസ്തികകളിൽ 90% അസിസ്റ്റന്റ് റവന്യൂ ഓഫീസർമാരുടെ (എആർഒ) സ്ഥാനക്കയറ്റം വഴിയും ബാക്കി 10% കർണാടക മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് സർവീസ് കേഡറിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ മുഖേനയും നികത്തും.
74,000-1.09 ലക്ഷം രൂപയുടെ പ്രതിമാസ ശമ്പളത്തിന് കീഴിലാണ് എസികൾ വരുന്നത്. കൂടാതെ സ്പെഷ്യൽ ഓഫീസർ (ഡെപ്യൂട്ടി റവന്യൂ ഓഫീസർ കേഡർ) എന്ന പുതിയ തസ്തികയും റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ട്.