ബംഗളൂരു: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കാമുകിക്ക് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ മറിച്ചുനല്‍കിയ മാനേജര്‍ പിടിയില്‍.ബംഗളൂരു ഹനുമന്തനഗറിലുള്ള ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഹരി ശങ്കറാണ് പിടിയിലായത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഹരി ശങ്കറിനൊപ്പം അസി. മാനേജര്‍ കൗസല്യ ജെറായി, ക്ലര്‍ക്ക് മുനിരാജു എന്നിവര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് സംശയം. മേയ് 13നും 19നുമിടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തല്‍. സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടമായെന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാള്‍ മൊഴി നല്‍കിയത്. ചിലരുടെ പ്രലോഭനത്തില്‍ വീണ് ഡേറ്റിങ് ആപ്പ് ഉപയോഗിച്ചപ്പോള്‍ പണം തട്ടുകയായിരുന്നുവത്രെ. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
പൊലീസ് പറയുന്നതിങ്ങനെ: ഒരു സ്ത്രീ 1.3 കോടി രൂപ സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ച് ഇതിന് 75 ലക്ഷം രൂപ വായ്പ ആവശ്യപ്പെടുന്നു. ഇതിനാവശ്യമായ രേഖകളും ഇവര്‍ സമര്‍പിച്ചു. എന്നാല്‍, ഈ രേഖകള്‍ ദുരുപയോഗം ചെയ്ത ബാങ്ക് മാനേജര്‍ ഇത് ഉപയോഗിച്ച് 5.7 കോടി രൂപ വക മാറ്റുകയായിരുന്നു. ബാങ്ക് നടത്തിയ ഇന്റേണല്‍ ഓഡിറ്റില്‍ തുക വകമാറ്റിയത് പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളിലെ 28 ബാങ്കുകളിലേക്കാണെന്ന് കണ്ടെത്തി. തട്ടിപ്പ് നടത്താന്‍ രണ്ട് ജീവനക്കാരെ മാനേജര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹരി ശങ്കറിന്റെ സ്വന്തം പേരിലുള്ള 12.3 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. നഷ്ടമായ തുകയില്‍ ഏഴു ലക്ഷം രൂപ മാത്രമാണ് ബാങ്കിന് മരവിപ്പിക്കാനായത്. ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട സംഘത്തിനാണ് പണം നഷ്ടമായതെന്നാണ് ശങ്കര്‍ പറയുന്നതെങ്കിലും അന്വേഷണം പൂര്‍ത്തിയായ ശേഷമേ കൃത്യത വരൂ എന്ന നിലപാടിലാണ് പൊലീസ്.