ബെംഗളൂരു: ബെംഗളൂരുവില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈക്കില്‍ സഞ്ചരിച്ചതിന് ഇരുവരേയും തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അതിക്രമത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തില്‍ കേസെടുത്തതായി രണ്ടുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചു. ഇരുചക്ര വാഹനത്തില്‍ ഒന്നിച്ചു സഞ്ചരിച്ച സ്ത്രീയേയും പുരുഷനെയും അക്രമികള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. എന്തിനാണ് ഒന്നിച്ച് സഞ്ചരിക്കുന്നതെന്ന് അക്രമികള്‍ ചോദിക്കുന്നുണ്ട്. സ്ത്രീ അവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ല.
ബെംഗളൂരുവിലെ ഡയറി സര്‍ക്കിളിന് സമീപമാണ് സദാചാര ഗുണ്ടായിസം നടന്നത്. സ്വകാര്യ ബാങ്ക് ജീവനക്കാരനും ഒപ്പം സഞ്ചരിച്ച സഹപ്രവര്‍ത്തകയ്ക്കുമാണ് അതിക്രമം നേരിടേണ്ടിവന്നത്. അക്രമികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിഷയത്തില്‍ ഇടപെടുകയും അക്രമികളെ ഉടന്‍ പിടികൂടണമെന്ന് പൊലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ട്വീറ്റ് ചെയ്തു. ബെംഗളൂരു പൊലീസ് ഉടന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു.