ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും ആണ്‍ സുഹൃത്തും കൂടി തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.തുമകൂരു ബദ്ദിഹള്ളി സ്വദേശി അന്നപൂര്‍ണ (36), ഇവരുടെ സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്നപൂര്‍ണയുടെ ഭര്‍ത്താവ് നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്ബനി ജീവനക്കാരനായിരുന്നു ഇയാള്‍. രഹസ്യബന്ധം ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് ജയനഗര പോലീസ് പറഞ്ഞത്.
സംഭവ ദിവസം ബെംഗളൂരുവില്‍നിന്ന് വീട്ടിലെത്തിയ നാരായണപ്പയും ഭാര്യയുമായി രഹസ്യബന്ധത്തെച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ അന്നപൂര്‍ണ വീട്ടില്‍ കരുതിയിരുന്ന പെട്രോള്‍ നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ തീ പടര്‍ന്നുപിടിച്ച നാരായണപ്പ സമീപത്തെ അഴുക്കുചാലിലേക്ക് ചാടി. തീയണഞ്ഞശേഷം അഴുക്കുചാലില്‍നിന്ന് തിരികെ കയറാന്‍ ശ്രമിച്ച നാരായണപ്പയെ അന്നപൂര്‍ണയും രാമകൃഷ്ണയും ചേര്‍ന്ന് വീണ്ടും കല്ലുകൊണ്ടടിച്ച് വീഴ്ത്തുകയായിരുന്നു.
നിലവിളികേട്ട് പരിസരവാസികളെത്തി നാരായണപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്നപൂര്‍ണയും നാരായണപ്പയും രഹസ്യബന്ധത്തെച്ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴിനല്‍കി. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. സംഭവം നടക്കുമ്ബോള്‍ മൂന്നുമക്കളും വീട്ടിലുണ്ടായിരുന്നു. തുമകൂരു മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂര്‍ണ
