ബംഗളുരു: സി പി ഐ(എം) ഐ ടി ഫ്രണ്ട് ലോക്കല്‍ സമ്മേളനം ബാംഗ്ലൂരില്‍ സമാപിച്ചു. സ: ആര്‍ ശ്രീനിവാസനഗറില്‍ വച്ച് നടന്ന സമ്മേളനം സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ സ. മീനാക്ഷി സുന്ദരം ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറിയായി സ. സൂരജ് നിടിയങ്ങയെ വീണ്ടും തിരഞ്ഞെടുത്തു. 11 അംഗ ലോക്കല്‍ കമ്മിറ്റിയെയും 12 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനനഗരിയില്‍ മുതിര്‍ന്ന അംഗം സ. തന്മയ് ഘോഷ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനനടപടികള്‍ ആരംഭിച്ചത്.
സമ്മേളന കാലയളവില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഐ.ടി. ഫ്രണ്ട് മേഖലയില്‍ പാര്‍ട്ടിക്കുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് ഉണ്ടായിരുന്ന 1 ബ്രാഞ്ചില്‍ നിന്ന് 9 ബ്രാഞ്ചുകളായി വളരാന്‍ ഐ.ടി ഫ്രണ്ടിനായി. 9 ബ്രാഞ്ച് സമ്മേളനങ്ങളും പൂര്‍ത്തീകരിച്ച ശേഷമാണ് ലോക്കല്‍ സമ്മേളനത്തിലേക്ക് പാര്‍ട്ടി കടന്നത്. ഇക്കാലയളവില്‍ ഐ.ടി. ഫ്രണ്ടിന് കീഴിലെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 22 ല്‍ നിന്നും 111 ആയി വര്‍ധിച്ചു.
തൊഴിലാളിവിരുദ്ധ ലേബര്‍കോഡിനെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ തൊഴിലാളികളോട് സമ്മേളനം ആഹ്വാനം ചെയ്തു. ഐ.ടി കമ്ബനികളില്‍ ഏകപക്ഷീയമായി നോട്ടീസ് പിരീഡ് ദീര്‍ഘിപ്പിക്കുന്ന നടപടിയില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തില്‍ ശക്തമായ പോരാട്ടത്തിന് മുന്നോട്ടുവരണമെന്ന് ഐ.ടി തൊഴിലാളികളോട് സമ്മേളനം അഭ്യര്‍ത്ഥിച്ചു.ഐ.ടി. മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താനും കര്‍ണാടക ഐ.ടി. എംപ്ലോയീസ് യൂണിയന് സാധിക്കുന്നു എന്ന് സമ്മേളനം വിലയിരുത്തി. യങ് വര്‍ക്കേഴ്‌സ് കളക്ടീവ് (YWC) 32 യൂണിറ്റുകളായി തൊഴിലാളി-യുവജനങ്ങളുടെ ഇടയില്‍ സജീവമായ ഇടപെടല്‍ നടത്തുന്നുവെന്നും സമ്മേളനം വിലയിരുത്തി.