Home Featured ബെംഗളൂരു: സുള്ള്യ സ്വദേശി മുഹമ്മദ് മസൂദിന്റെ കൊലപാതകം വർഗീയ കലാപം ലക്ഷ്യമിട്ട്

ബെംഗളൂരു: സുള്ള്യ സ്വദേശി മുഹമ്മദ് മസൂദിന്റെ കൊലപാതകം വർഗീയ കലാപം ലക്ഷ്യമിട്ട്

ബെംഗളൂരു: സുള്ള്യ മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് മസൂദിനെ നിസാര തർക്കത്തിന്റെ പേരിൽ സുള്ള്യയിൽ കൊലപ്പെടുത്തിയത് വർഗീയ കലാപം ലക്ഷ്യമിട്ട്.ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചെറിയ പ്രശ്നം പറഞ്ഞു തീർക്കാനെന്ന് ധരിപ്പിച്ച് സുഹൃത്ത് ഷാനിഫ് വഴി വിളിച്ചുവരുത്തിയ ശേഷം മറഞ്ഞിരുന്ന ബജ്റംഗ്ദൾ പ്രവർത്തകർ മസൂദിന് നേരേ മാരകായുധങ്ങളുമായി ചാടി വീഴുകയായിരുന്നു.

സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുള്ള്യ താലൂക്കിലെ കളഞ്ചയിൽ വച്ചാണ് മസൂദിന് നേരെ ആക്രമണമുണ്ടായത്. കളഞ്ചയിൽ വല്യുമ്മയുടെ വീട്ടിലാണ് മസൂദ് താമസിച്ചിരുന്നത്.സെന്ററിങ് തൊഴിലാളിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ അഭിലാഷ് എന്ന ബജ്റംഗദളുകാരനും മസൂദും തമ്മിൽ വാക്കുതർക്കമുണ്ടായി.

പരസ്പരം ഉന്തും തള്ളും നടന്നു. നാട്ടുകാർ ഇടപെട്ട് ശാന്തമാക്കിയതിനെ തുടർന്ന് ഇരുവരും പിരിഞ്ഞുപോയി. രാത്രി 11 ഓടെ അഭിലാഷ് മസൂദിന്റെ അടുത്ത സുഹൃത്ത് ഷാനിഫിനെ ഫോണിൽ വിളിച്ചു.പ്രശ്നം പറഞ്ഞുതീർക്കണമെന്നും മസൂദിനെയും കൂട്ടി വരണമെന്നും ആവശ്യപ്പെട്ടു. പ്രശ്നം പറഞ്ഞുതീരട്ടെ എന്നുകരുതി അരമണിക്കൂറിനുള്ളിൽ ഷാനിഫ് ബൈക്കിൽ മസൂദിനെയും കൂട്ടി കളഞ്ചിലെത്തി.

ഇവരെത്തുമ്പോൾ രണ്ടുപേർ മാത്രമായിരുന്നു പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നത്. ബൈക്കിൽ നിന്ന് ഷാനിഫും മസൂദും ഇറങ്ങിയതോടെ ഇരുളിൽ മറഞ്ഞ ആറുപേർ മാരകായുധങ്ങളുമായെത്തി മസൂദിനെ ആക്രമിച്ചു.തലയ്ക്കടിയേറ്റ മസൂദ് രക്തം വാർന്നുകൊണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

മസൂദ് ഓടിയതോടെ എട്ടംഗ അക്രമിസംഘം പിരിഞ്ഞുപോയി.സംഭവസ്ഥലത്തുനിന്നും കാണാതായ മസൂദിനെ ഒരുമണിക്കൂർ കഴിഞ്ഞാണ് അബോധാവസ്ഥയിൽ അൽപം അകലെ കാണപ്പെട്ടത്. മംഗളൂരുവിലെ ഫസ്റ്റ്ന്യൂറോ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെയാണ് മസൂദ് മരണപ്പെട്ടത്.

മംഗളൂരു ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മസൂദിന്റെ മൃതദേഹം ബല്ലാര ജുമാ മസ്ജിദ് ഖബർ സ്ഥാനത്ത് അടക്കം ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group