Home Featured വേനലിലും തണുപ്പേറുന്ന മനോഹര ദൃശ്യമധുരങ്ങൾ;വേനൽച്ചൂടിനെ മറികടക്കാൻ ബെംഗളൂരുവിലെ കൂൾ ഡെസ്റ്റിനേഷനുകൾ

വേനലിലും തണുപ്പേറുന്ന മനോഹര ദൃശ്യമധുരങ്ങൾ;വേനൽച്ചൂടിനെ മറികടക്കാൻ ബെംഗളൂരുവിലെ കൂൾ ഡെസ്റ്റിനേഷനുകൾ

ഇന്ത്യയുടെ ഉദ്യാന നഗരമെന്നും പച്ചപ്പിന്‍റെ നാടെന്നുമൊക്കെ വിളിക്കപ്പെടുന്ന ബെംഗളൂരു പക്ഷേ ആഴ്ചകളായി കനത്ത ചൂടിലൂടെയാണ് കടന്നു പോകുന്നത്. വാരാന്ത്യത്തിൽ ഗംഭീര മഴയ്ക്ക് നഗരം സാക്ഷ്യം വഹിച്ചുവെങ്കിലും ചൂട് പക്ഷേ, വലിയ കാര്യമായി കുറഞ്ഞിട്ടില്ല. പകൽ പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാന് പോലും കഴിയാത്ത ദിവസങ്ങളാണ് ഇവിടുത്തേത്.

എന്നൽ വേനലെത്ര കൂടിയാലും പച്ചപ്പിന്‍റെ മേലാപ്പുമായി നിൽക്കുന്ന ചില സ്ഥലങ്ങൾ ബാംഗ്ലൂർ നഗരത്തിലുണ്ട്. വെയിലെത്തുവാൻ മടിക്കുന്ന, നട്ടുച്ചയ്ക്ക് ഇറങ്ങി നടന്നാൽ പോലും ഒട്ടും ചൂട് അനുഭവപ്പെടാത്ത സ്ഥലങ്ങൾ. ഈ വേനൽക്കാലത്ത് വീട്ടിലിരുന്ന് മടുക്കുമ്പോൾ ഒന്ന് പുറത്തിറങ്ങണം എന്നു തോന്നാലോ, കുട്ടികളെയും കൂട്ടി ഔട്ടിങ് പ്ലാൻ ചെയ്യുമ്പോഴോ വരാൻ പറ്റിയ ബാംഗ്ലൂരിലെ സ്ഥലങ്ങൾ.

ലാൽബാഗ് ബോട്ടാണിക്കല്‍ ഗാർഡന്‍

എത്ര കൊടുംചൂടിലും തണലും തണുപ്പും തേടി യാത്ര പോകുവാൻ താല്പര്യമുണ്ടെങ്കിൽ ഏറ്റവും അടുത്തുള്ള ഇടമാണ് ലാൽബാഗ് ബോട്ടാണിക്കല്‍ ഗാർഡന്‍. നിറയെ മരങ്ങളുള്ളതിനാൽ വെയിൽ അത്ര പെട്ടന്നൊന്നും ഇവിടെ അനുഭവപ്പെടില്ല. തണൽമരങ്ങൾക്ക് താഴെ, പുൽമെത്തയിൽ ഇരുന്ന്, കാറ്റും തണുപ്പും ആസ്വദിക്കാൻ ഏതു സീസണിലും നിങ്ങള്‍ക്ക് വരാം. ഔട്ടിങ്ങോ പിക്നിക്കോ ഒക്കെ പ്ലാൻ ചെയ്യുമ്പോൾ പരിഗണിക്കാൻ പറ്റിയ സ്ഥലമാണ് ലാല്‍ബാഗ്.

ബെംഗളൂരു നഗരത്തിന് നടുക്കായി 240 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലാൽബാഗ് ബോട്ടാണിക്കല്‍ ഗാർഡനിൽ മരങ്ങളുടെയും പൂച്ചെടികളുടെയും മറ്റു സസ്യങ്ങളുടെയും വലിയ ശേഖരമുണ്ട്. ലണ്ടനിലെ ക്രിസ്റ്റൽ പാലസിന് ചുറ്റും നിർമ്മിച്ച മനോഹരമായ ഒരു ഗ്ലാസ് ഹൗസ്, വലിയ തടാകം, 3000 ദശലക്ഷം വർഷം പഴക്കമുള്ള ഒരു പാറക്കെട്ട്, വാച്ച് ടവർ തുടങ്ങിയവയാണ് ഇവിടുത്തെ പൊതുവായ ആകർഷണങ്ങൾ. കൂടാതെ, ബോൺസായ് ഗാർഡൻ, ഫ്ലവർ ക്ലോക്ക്, ഹൈബിസ്കസ് ഗാർഡൻ എന്നിവയും ഇവിടെ കാണാനുണ്ട്.

കബ്ബൺ പാർക്ക്

ബെംഗളൂരു നിവാസികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥലമാണ് കബ്ബണ്‍ പാർക്ക്. ബാംഗ്ലൂരിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന കബ്ബൺ പാർക്ക് പോലൊരു സ്ഥലം കോൺക്രീറ്റ് കാണായ ബാംഗ്ലൂരിൽ ഉണ്ടെന്നു തന്നെ വിശ്വസിക്കാൻ പാടാണ്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന കബ്ബൻ പാർക്കിന് ഏകദേശം 300 ഏക്കറാണ് വിസ്താരമുള്ളത്. ശ്രീ ചാമരാജേന്ദ്ര പാർക്ക് എന്നാണ് ഇതിന്‍റെ മുഴുവന്‍ പേര്.

പാർക്കിനുള്ളില്‍ ബോട്ടിങ് മുതൽ ടോയ് ട്രെയിൻ വരെ പ്രായഭേദമന്യേ ഉല്ലസിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. കുട്ടികളെയുംകൂട്ടി കളിക്കാനിറങ്ങാനും പറ്റിയ സ്ഥലമാണ് കബ്ബൺ പാർക്ക്. ഇവിടുത്തെ ഇടതൂർന്നു നിൽക്കുന്ന മരങ്ങള്‍ വിരിക്കുന്ന തണലിൽ വന്നിരുന്നാൽ സമയം പോകുന്നതേ അറിയില്ല. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളും കൂട്ടായ്മകള്‍, സംഗീത പരിപാടികള്‍, തുടങ്ങിയവ ഇവിടെ നടക്കുന്നു.

ബന്നാർഘട്ട ദേശീയോദ്യാനം

ബാംഗ്ലൂരിന്‍റെ ചൂടിൽ നിന്ന് രക്ഷപെട്ട് പ്രകൃതിഭംഗിയും കാടും കാഴ്ചകളും പിന്നെ വന്യമൃഗങ്ങളെയും കാണാൻ പറ്റിയ സ്ഥലമാണ്. വലിയ പ്ലാനുകളൊന്നുമിടാതെ പോകാൻ പറ്റിയ സ്ഥലമായതിനാൽ പലരുടെയും അവസാനവട്ട യാത്രാ പ്ലാനുകളിൽ ഇവിടം ഇടംപിടിക്കാറുണ്ട്. ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാന് ഏറ്റവും അനുയോജ്യമായത്. മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ ചെന്നു കാണാനുള്ള സഫാരിയാണ് ഇവിടുത്തെ ആകർഷണം. വ്യത്യസ്ത ഇനം പൂമ്പാറ്റകളെ പരിചയപ്പെടുത്തുന്ന ബട്ടർഫ്ലൈ ഗാർഡന്‍ ഇവിടെ കാണാം. ബെംഗളൂരുവിൽ നിന്ന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ നീണ്ട യാത്രകൾ ഇഷ്ടമില്ലാത്തവർക്കും വരാം. വേനലിൽ വരുന്നതിന് ഇവിടെ തടസ്സങ്ങളൊന്നുമില്ല. മരങ്ങൾ ധാരാളമുള്ളതിനാൽ വെയിലടിക്കുമെന്ന പേടിയും വേണ്ട.

You may also like

error: Content is protected !!
Join Our WhatsApp Group