ബെംഗളൂരു: ഇനി 159 റോഡുകളിൽ മാത്രമേ കുഴിയടയ്ക്കാൻ ബാക്കിയുള്ളൂവെന്നും കഴിഞ്ഞ 10 വരെ 311 റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതായും നിയമസഭയെ അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 834 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികളാണ് പൂർത്തിയായത്. 180 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികൾ ഈ മാസം തന്നെ പൂർത്തിയാകുമെന്നും പി.ആർ.രമേശ് എംഎൽസിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. 100 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പ് ചെയ്തു. 198 വാർഡുകളിലെ ഇടറോഡുകൾ നന്നാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നഗരത്തിലെ 6 ഇടങ്ങളിൽ കിലോമീറ്ററിന് 15 ലക്ഷം രൂപ നിർമാണ ചെലവുള്ള മൈക്രോസർഫസിങ് റോഡ് നിർമാണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ബിബിഎംപി. റസിഡൻസി റോഡ്, റിച്ച്മണ്ട് റോഡ്, കണ്ണിങ്ഹാം റോഡ് എന്നിവിടങ്ങളിലാണ് മൈക്രോസർഫസിങ് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നത്.
കൂടുതൽ കാലം തകരാതെ ഈടു നിൽക്കുമെന്നതാണു മൈക്രോസർഫസിങ്ങിന്റെ ഗുണം. പോളിമറൈസ്ഡ് ബിറ്റുമിൻ മിശ്രിതത്തിൽ നിശ്ചിത അളവിൽ വെള്ളവും സിമന്റും ചേർത്താണ് മൈക്രോസർഫസിങ് നടത്തുന്നത്. യന്ത്രസഹായത്തോടെ ഈ മിശ്രിതം റോഡിന് മുകളിൽ ചെയ്യും. റോഡ് വാട്ടർപ്രൂഫായി മാറുന്നതിനൊപ്പം വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നി വീണുള്ള അപകടങ്ങളും കുറയ്ക്കാനാകും. റോഡിൽ വെള്ളം താഴില്ലെന്നതാണു ഇതിന്റെ പ്രത്യേകത. വാഹനങ്ങളുടെ ടയറുകൾക്ക് റോഡിൽ മികച്ച ഘർഷണം ഉറപ്പാക്കും. 4 വർഷം മുൻപ് കബ്ബൺ റോഡിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മൈക്രോസർഫസിങ് നടപ്പിലാക്കിയത്.