ബെംഗളൂരും ഉണ്ണിയേശുവിന്റെ പിറവി തിരുനാളിനെ വരവേൽക്കാൻ ഒരുക്കം തുടങ്ങി. വർണനക്ഷേത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടും നിർമിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷങ്ങൾ പൊലിപ്പിക്കാനുള്ള തയാറെടുപ്പുകൾ ദിവസങ്ങൾക്ക് മുൻപേ തന്നെ തുടങ്ങി. ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക് റോഡിലെ ക്രിസ്മസ് വിപണി ആഴ്ചകൾക്ക് മുൻപേ തന്നെ സജീവമായി.
വർണപ്പൊലിമയുടെ നക്ഷത്ര വിപണിയിൽ എൽഇഡി നക്ഷത്രങ്ങൾ തന്നെയാണു താരം. 4 നിറങ്ങളിൽ തെളിയുന്ന എൽഇഡി നക്ഷത്രങ്ങൾക്കു 600 രൂപ മുതൽ 800 രൂപവരെയാണു വില. കുഞ്ഞൻ എൽഇഡിക്ക് 150 രൂപ മുതൽ 200 രൂപവരെയും. പരമ്പരാഗത രീതിയിലുള്ള വലിയ പേപ്പർ നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ കുറവാണെങ്കിലും പഴമ ഇഷ്ടപെടുന്നവർ ഇത് വാങ്ങുന്നുണ്ട്. 150 രൂപ മുതൽ 300 രൂപവരെയാണ് പേപ്പർ നക്ഷത്രങ്ങളുടെ വില. ഒറ്റകളറിലുള്ള ചുവപ്പ്, വെള്ളക്ക് നക്ഷത്രങ്ങൾക്കു തന്നെയാണ് വിൽപന കൂടുതൽ. ഓർഡർ നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ നിർമിച്ച് നൽകുന്ന പുൽക്കൂടുംകൾക്കാണ് ആവശ്യക്കാർ കൂടുതൽ. വലിപ്പത്തിനനുസരിച്ച് 300 രൂപ മുതൽ 500 രൂപവരെയാണ് തെർമോക്കോളിലും പ്ലൈവുഡിലും നിർമിക്കുന്ന പുൽക്കൂടുകളുടെ വില. വൈക്കോലും പുല്ലും ഇതിൽ സെറ്റ് ചെയ്താണു വിൽപന
ടെറാക്കോട്ടയിൽ നിർമിച്ച സെറ്റ് പുൽക്കൂടിനു 1500 രൂപ മുതൽ 5000 രൂപവരെയാണ് വില. ക്രിസ്മസ് ട്രീകളിൽ ഒപ്റ്റിക്കൽ ഫൈബർ റിവോൾവിങ് എൽഇഡി ട്രീകളാണ് താരം. 5 അടി ഉയരമുള്ള ഇത്തരം ട്രീകൾ 7000 രൂപ മുതൽ 10,000 രൂപ വരെയും സാധാരണ ഫോൾഡഡ് ട്രീകൾക്ക് 500 രൂപ മുതൽ 3000 രൂപവരെയുമാണ് വില. ട്രീ അലങ്കരിക്കാനുള്ള എൽഇഡി മാല ബൾബുകൾ വിവിധ രൂപത്തിലും വലുപ്പത്തിലും ലഭിക്കും. ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ള ഗിൽറ്റ് മാലകൾ, ബെൽസ്, ബൾബുകൾ, റിങുകൾ, സാന്താക്ലോസ് എന്നിവയുടെ വ്യത്യസ്തങ്ങളായ നിരകളും വിൽപനയ്ക്കുണ്ട്