ദില്ലി: കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താത്ക്കാലിക വിലക്ക്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം , കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ കോടതിയാണ് വിലക്കിയത്. പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എംആർടി മ്യൂസിക്സിന്റെ എം നവീൻകുമാറാണ് രാഹുൽ ഗാന്ധിയുൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയത്. ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ ഹാൻഡിലിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കെജിഎഫ് 2 ൽ നിന്നുള്ള ഗാനം ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിനായി ഉപയോഗിച്ചുവെന്ന് മ്യൂസിക് കമ്പനി ആരോപിക്കുന്നു.
എന്നാൽ ഇത്തരത്തിലൊരു കോടതി നടപടിയെക്കുറിച്ച് അറിയില്ലെന്നും ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് പാർട്ടി ട്വീറ്റ് ചെയ്തു. ”കോൺഗ്രസ്, ഭാരത് ജോഡോ യാത്ര ഹാൻഡിലുകൾക്കെതിരെ ബംഗളൂരു കോടതിയിൽ നിന്നുള്ള ഉത്തരവ് സമൂഹമാധ്യമങ്ങളിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. ഉത്തരവിന്റെ കോപ്പി ഇതുവരെ ലഭിച്ചിട്ടില്ല. നിയമപരമായ പരിഹാരങ്ങൾക്ക് ശ്രമിക്കും.” ട്വീറ്റിൽ പറയുന്നു.
രാഹുൽഗാന്ധി, രാജ്യസഭാ എംപി ജയറാം രമേശ്, കോൺഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പകർപ്പവകാശ നിയമപ്രകാരമാണ് കേസെടുത്തത്. തുടർനടപടിയായിട്ടാണ് ട്വിറ്റർ ഹാൻഡിലുകൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോൺഗ്രസ് 10 പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമാ താരം പൂജാഭട്ട്, രോഹിത് വെമുലയുടെ അമ്മ തുടങ്ങിയവർ ജോഡോ യാത്രയിൽ അണിചേർന്നിരുന്നു. എൻസിപി, ശിവസേന തുടങ്ങിയ പാർട്ടികൾ ഇതിനകം ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി രംഗത്തെത്തി. ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോൾ പാർട്ടി പുതുജീവൻ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

മോദി എന്ത് സംഭാവനകളാണ് നല്‍കിയത്? ചോദ്യവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകക്ക് മോദി നല്‍കിയ സംഭാവനകളെന്തെന്ന ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.
മോദിയുടെ ബംഗളൂരു സന്ദര്‍ശനത്തിന് മുന്നോടിയായാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന അഴിമതി ആരോപണങ്ങളെ ചോദ്യം ചെയ്ത മുന്‍ മുഖ്യമന്ത്രി, താന്‍ അഴിമതിയില്‍ ഏര്‍പ്പെടുകയോ മറ്റാരെയും അതില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുകയോ ചെയ്യില്ല (നാ ഖാവൂംഗ, നാ ഖാനേ ദൂംഗ) എന്ന മുദ്രാവാക്യം എന്തിനുവേണ്ടിയാണ് പറയുന്നതെന്നും ചോദിച്ചു.
പ്രളയമുണ്ടായപ്പോള്‍ മോദി വന്നില്ല. ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോഴും മോദിയെ കണ്ടില്ല. തെരഞ്ഞെടുപ്പടുത്തപ്പോള്‍ അദ്ദേഹം വരികയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍, വിലക്കയറ്റം രൂക്ഷമായപ്പോള്‍, തൊഴിലില്ലായ്മ വര്‍ധിച്ചപ്പോള്‍ പ്രധാനമന്ത്രി സംസ്ഥാനത്തിനു വേണ്ടി എന്തു ചെയ്തു. അധികാരത്തിലെത്തിയ ശേഷം വിദ്വേഷ രാഷ്ട്രീയം വര്‍ധിച്ചു. പിന്നെ എന്താണ് ഈ മുദ്രാവാക്യം -സിദ്ധരാമയ്യ ചോദിച്ചു.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിന്റെ ഉദ്ഘാടനം, ബംഗളൂരു സ്ഥാപകന്‍ നാദ പ്രഭു കെംപഗൗഡയുടെ 108 അടി പ്രതിമയുടെ അനാച്ഛാദനം, ചെന്നൈ -മൈസൂര്‍ ‘വന്ദേ ഭാരത്’ ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് തുടങ്ങി വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ നവംബര്‍ 11ന് മോദി കര്‍ണാടക സന്ദര്‍ശിക്കും.
അതേസമയം, 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ച് തീരുമാനമായിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിലവിലെ സീറ്റായ ബദാമിയില്‍ നിന്ന് മത്സരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.