കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹര്‍ഷ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവര്‍മ ലെയിനില്‍ വച്ച് ഹര്‍ഷയെ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നിലെ കാരണം വ്യക്തമല്ല.
സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഡെപ്യൂടി കമീഷനര്‍ സെല്‍വമണി ആര്‍ പറഞ്ഞു.
അതിനിടെ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഷിവമൊഗ്ഗയിലെത്തി യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. പൊലീസിന് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തത പാലിക്കാന്‍ മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കൊലപാതകം ഹിജാബുമായി ബന്ധപ്പെട്ടതാണെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളി.
സംഭവത്തില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതായും റിപോര്‍ട് ഉണ്ട്. പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്താന്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.