ബെംഗളൂരു: ഉദ്ഘാടനം കാത്തുകിടക്കുന്ന ബയ്യപ്പനഹള്ളി സർ എം.വിശ്വേശരയ്യ റെയിൽവേ ടെർമിനലിലേക്കുള്ള റോഡുകളുടെ നവീകരണ ജോലികൾ അവസാനഘട്ടത്തിൽ, ടെർമിനലിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെയും സമീപത്തെ റെയിൽവേ മേൽപാലത്തിന്റെയും നിർമാണം ഉടൻ പൂർത്തിയാകുമെന്നു ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ബയ്യപ്പനഹള്ളി പൊലീസ് സ്റ്റേഷനു സമീപത്തെ ടാറിങ്ങും മഴവെള്ളക്കനാൽ നവീകരണവും പുരോഗമിക്കുകയാണ്. ടെർമിനലിനെ കമ്മനഹള്ളി, ബാനസവാടി മേഖലകളുമായി ബന്ധിപ്പിക്കാൻ മാരുതി സേവാനഗർ ഐഒസി ജംക്ഷനിൽ 260 കോടി രൂപ ചെലവിൽ റോട്ടറി ഫ്ലൈ ഓവറും നിർമിക്കുന്നുണ്ട്.
മജസ്റ്റിക്, യശ്വന്ത്പുര എന്നിവയ്ക്കു ശേഷം ബെംഗളൂരുവിലെ മൂന്നാമത്തെ റെയിൽവേ ടെർമിനൽ ബയ്യപ്പനഹള്ളിയിൽ മാർച്ചിൽ ഉദ്ഘാടനത്തിനു സജ്ജമായതാണ്. രാജ്യത്തെ ആദ്യ എസി റെയിൽവേ ടെർമിനൽ കൂടിയായ ഇവിടേക്കു പ്രധാന റോഡുകളിൽ നിന്നും മെട്രോ സ്റ്റേഷനുകളിൽ നിന്നും അനുബന്ധ യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതാണ് ഉദ്ഘാടനം അനന്തമായി നീളാൻ കാരണം. ബിബിഎംപിയുടെ നേതൃത്വത്തിൽ മാസങ്ങൾക്കു മുൻപു റോഡ് വികസനം ആരംഭിച്ചെങ്കിലും തുടർച്ചയായ മഴയെ തുടർന്നു പലവട്ടം നിർമാണം നിർത്തിവയ്‌ക്കേണ്ടി വന്നു. തുടർന്ന് ഒരാഴ്ച മുൻപാണ് ജോലികൾ പുനരാരംഭിച്ചത്.