ബെംഗളൂരു: നഗരത്തിലെ റെയില്‍ യാത്രക്കാർക്ക് കൂടുതല്‍ സുഗമമായ യാത്ര ഒരുക്കാൻ ലക്ഷ്യമിടുന്ന ബൈയപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായതായി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ ബെംഗഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു.

48 റൂട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, നിലവിലുള്ള ഒറ്റപ്പാത കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും ദിവസേനയുള്ള യാത്രക്കാരുടെയും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു.2020-ല്‍ കർണാടക റെയില്‍ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനിക്കാണ് ഈ പദ്ധതിയുടെ നിർമ്മാണച്ചുമതല നല്‍കിയത്. ഈ ഇരട്ടപ്പാതയുടെ 14 കിലോമീറ്റർ ഭാഗം ഇതിനോടകം തന്നെ ട്രെയിൻ സർവീസിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഹീലാളിഗെ മുതല്‍ ബെല്ലന്തൂർ റോഡ് വരെയുള്ള പാത ഇതില്‍ ഉള്‍പ്പെടുന്നു.അതിന് പുറമേ ബൈയപ്പനഹള്ളി-ഹൊസൂർ ഇടനാഴിയിലെ ശേഷിക്കുന്ന ജോലികള്‍ 2027 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. നവീകരണത്തിന്റെ ഭാഗമായി ബെല്ലന്തൂർ റോഡ് റെയില്‍വേ സ്‌റ്റേഷൻ വികസിപ്പിച്ചു.അഞ്ച് റെയില്‍വേ ലൈനുകളും 600 മീറ്റർ നീളമുള്ള രണ്ട് ഉയർന്ന നിലവാരമുള്ള പ്ലാറ്റ്‌ഫോമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങള്‍, കുടിവെള്ള സൗകര്യങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ സഞ്ചരിക്കാൻ ഒരു അടിപ്പാത, വർണൂർ റോഡില്‍ നിന്നുള്ള കോണ്‍ക്രീറ്റ് അപ്രോച്ച് റോഡ് എന്നിവയുള്‍പ്പെടെയുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും സ്‌റ്റേഷനില്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ലിഫ്റ്റ് സൗകര്യങ്ങളോട് കൂടിയ ഒരു പുതിയ സ്‌റ്റേഷൻ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്.ഇത്രയൊക്കെ ആണെങ്കിലും യശ്വന്ത്പൂർ-ചന്നാസന്ദ്ര ഇരട്ടപ്പാതയുടെ നിർമ്മാണം നിലവില്‍ മന്ദഗതിയിലാണ്. 21.7 കിലോമീറ്റർ ദൂരമുള്ള ഈ പാതയുടെ 55 ശതമാനം ജോലികള്‍ മാത്രമാണ് നിലവില്‍ പൂർത്തിയായിട്ടുള്ളത്. ഈ ഇടനാഴി 2027 മാർച്ച് മാസത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതെങ്കിലും, ഇതുവരെ ഒരു ഭാഗവും ട്രെയിൻ സർവീസിനായി തുറന്നുകൊടുത്തിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ഈ റെയില്‍വേ നവീകരണം ബൈയപ്പനഹള്ളി, യശ്വന്ത്പൂർ, കൃഷ്‌ണരാജപുരം, ബാനസവാടി എന്നിവിടങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
ഇത് ബെംഗളൂരു മേഖലയിലെ റെയില്‍ ഗതാഗതം സുഗമമാക്കുകയും യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം മെച്ചപ്പെടുത്തുകയും ചെയ്യും.പദ്ധതിയുടെ ഭാഗമായുള്ള പ്രധാന എൻജിനീയറിങ് ജോലികളും അന്തിമഘട്ടത്തിലാണ്. 96 ശതമാനം വലിയ പാലങ്ങളും 98 ശതമാനം ചെറിയ പാലങ്ങളും ഇതിനോടകം നിർമ്മിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. ഇതോടെ ഈ മേഖലയിലെ യാത്രക്കാർ തികഞ്ഞ പ്രതീക്ഷയിലാണ്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമായി മാറുമ്പോള്‍ യാത്രക്കാരെ സംബന്ധിച്ച് മറ്റ് ബുദ്ധിമുട്ടുകള്‍ മാറുകയാണ് ചെയ്യുന്നത്.നിലവില്‍ ബെംഗളൂരുവിലെ ഭൂരിഭാഗം യാത്രക്കാരും, പ്രത്യേകിച്ച് സാധാരണക്കാർ ആശ്രയിക്കുന്നത് മെട്രോ റെയിലിനെയും സാധാരണ റെയില്‍വേ സർവീസുകളെയുമാണ്. അതുകൊണ്ട് തന്നെ പല മേഖലകളിലും നടപ്പാക്കുന്ന പാത ഇരട്ടിപ്പിക്കല്‍ പോലെയുള്ള പദ്ധതികള്‍ വലിയ രീതിയില്‍ തന്നെ ആളുകള്‍ക്ക് ഗുണമാവുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.