![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
പെരിയകുളം: കര്‍ണാടകയില്‍ നിന്നെത്തിയ അയ്യപ്പഭക്തരെ ഭീഷണിപ്പെടുത്തുകയും വാഹനത്തില്‍ ബലമായി പാര്‍ടി പതാക കെട്ടിയെന്നുമുള്ള പരാതിയില്‍ നാം തമിഴര്‍ പാര്‍ടി നേതാവ് അറസ്റ്റില്‍.പെരിയകുളം സിറ്റി സെക്രെടറി പുഷ്പരാജിനെ (31) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകത്തിലെ എം എല്‍ എ വടാള്‍ നാഗരാജ് നേതൃത്വം നല്‍കുന്ന കന്നട ചലവലി വടാള്‍ പക്ഷയുടെ പതാക കെട്ടിയാണ് അയ്യപ്പഭക്തര്‍ എത്തിയത്.
പെരിയകുളത്ത് എത്തിയ വാഹനം പുഷ്പരാജ് തടഞ്ഞുനിര്‍ത്തുകയും കര്‍ണാടക പാര്‍ടി പതാക തമിഴ്‌നാട്ടില്‍ വേണ്ടെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. പിന്നീട് നാം തമിഴര്‍ പാര്‍ടിയുടെ പതാക ഭക്തരുടെ വാഹനത്തില്‍ കെട്ടിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുഷ്പരാജ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയില്‍ പെരുമാറിയതിനാണ് പുഷ്പരാജിനെ അറസ്റ്റ് ചെയ്തതെന്ന് സൗത് കോസ്റ്റ് എസ്‌ഐ മുത്തുമാരിയപ്പന്‍ പറഞ്ഞു.