അയോധ്യയില്‍ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ട നിരയാണ് അയോധ്യയിലെത്തുക. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോണ്‍ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളില്‍ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്.
ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു.അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ ക്ഷേത്ര പര്യടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പൂർത്തിയാക്കിയിരുന്നു. ധനുഷ്കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദർശനം നടത്തി. നേരത്തെ രാമസേതു നിർമ്മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അരിച്ചാല്‍ മുനയും മോദി സന്ദർശിച്ചിരുന്നു. ഇവിടെ വഴിപാടുകള്‍ നടത്തിയ മോദി, ലങ്കയില്‍ നിന്ന് സീത വന്നിറങ്ങിയെന്ന് വിശ്വസിക്കുന്ന കടല്ക്കരയില് ദശപുഷ്പാഭിഷേകം നടത്തിയ ശേഷമാണ് ദില്ലിക്ക് മടങ്ങിയത്.
ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കാന്‍ തീരുമാനം; പരിഷ്കാര നിര്‍ദേശത്തിനായി പത്തംഗ സമിതി
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു.സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ചുമതലയേറ്റ ഉടന്‍ തന്നെ വ്യക്തമാക്കിയിരുന്നു.നിലവിലെ ഡ്രൈവിങ് ടെസ്റ്റ് എളുപ്പമായതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ നിലപാട്. പിന്നോട്ടുള്ള പാര്‍ക്കിങ്, വാഹനം കയറ്റത്തി നിര്‍ത്തി വീണ്ടും എടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ റോഡ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.