ഇലക്ട്രിക് ബൈക്ക് ടാക്സികൾക്കു സർക്കാർ അനുമതി നൽകിയതിന് എതിരെ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ 29ന് പണിമുടക്കും.10 കിലോമീറ്റർ വരെ സർവീസ് നടത്താൻ ഇലക്ട്രിക് ബൈക്ക് ടാക്സി കമ്പനിയായ വിക്കറ്റ് റൈഡിനു കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അനുമതി നൽകിയിരുന്നു. പുതുവത്സര ആഘോഷത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള പണിമുടക്ക് നഗരവാസികളെ സാരമായി ബാധിച്ചേക്കും.
ബൈക്കുകൾ ടാക്സി സർവീസ് നടത്തുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്ക് സർക്കാരിനുള്ള മുന്നറിയിപ്പാണെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ നടത്തുമെന്നും യൂണിയനുകളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നഗരത്തിലെ 2 ലക്ഷത്തോളം ഓട്ടോത്തൊഴിലാളികളെ സാമ്പത്തികമായി തകർക്കുന്നതാണ് തീരുമാനമെന്ന് ആദർശ് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി.സമ്പത്ത് ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷിതമായ യാത്ര ഓട്ടോകൾ ഉറ പ്പാക്കുന്നുണ്ടെന്നും ബൈക്ക് ടാക്സികൾ അപകടം നിറഞ്ഞതാണെന്നും ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ നേതാവ് ആർ. രുദ്രമൂർത്തി പറഞ്ഞു.
2021-ൽ അവതരിപ്പിച്ച ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീമിന് കീഴിൽ ഇലക്ട്രിക് ബൈക്ക് ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിന് ബൗൺസ്, ബ്ലൂ സ്‌മാർട്ട് എന്നീ രണ്ട് കമ്പനികൾക്ക് ഗതാഗത വകുപ്പ് ഈ മാസം ആദ്യം ലൈസൻസ് നൽകി.സ്വകാര്യ വാഹനങ്ങൾ ബൈക്ക് ടാക്‌സികളായി ഉപയോഗിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെങ്കിലും റാപ്പിഡോ പോലുള്ള ബൈക്ക് ടാക്‌സി കമ്പനികൾക്കെതിരെ നിർബന്ധിത നടപടിയെടുക്കുന്നതിൽ നിന്ന് ഹൈക്കോടതി സർക്കാരിനെ വിലക്കി.
ഒരു രാജ്യം ഒരു ചാര്‍ജര്‍ പരിഗണനയിലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് രാജ്യത്ത് ഒരേതരം ചാര്‍ജര്‍ പരിഗണനയില്‍. രാജ്യസഭയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ഒരു രാജ്യം ഒരു ചാര്‍ജര്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ കര്‍മസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ അറിയിച്ചു.ഇലക്‌ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതികവിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ സമിതിയിലുണ്ട്.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2024 അവസാനത്തോടെ ഐഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ പൂര്‍ണമായും യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.