Home Featured മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ഇന്നുമുതല്‍ ബൈക്കുകളും ഓട്ടോകളും നിരോധനം.

മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ഇന്നുമുതല്‍ ബൈക്കുകളും ഓട്ടോകളും നിരോധനം.

മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കുമുള്ള നിരോധനം ചൊവ്വാഴ്ച മുതല്‍ നിലവില്‍വരും.പാതയില്‍ അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ പുതിയ തീരുമാനം. ട്രാക്ടറുകള്‍, മള്‍ട്ടി ആക്സില്‍ ഹൈഡ്രോളിക് ട്രെയിലര്‍ വാഹനങ്ങള്‍ എന്നിവക്കും നിരോധനമുണ്ട്. ഇത്തരം വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വിസ് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്. സര്‍വിസ് റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് നിലവില്‍ ടോള്‍ നല്‍കേണ്ട. ബിഡദി, രാമനഗര, ചന്നപടണ, മദ്ദൂര്‍, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സര്‍വിസ് റോഡില്‍നിന്ന് അതിവേഗപാതയിലേക്ക് പ്രവേശിക്കാനുള്ള ഇടനാഴികളുള്ളത്. ബംഗളൂരുവില്‍നിന്ന് മലബാറിലേക്കുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന അതിവേഗപാതയില്‍ ബിഡദിയിലും ശ്രീരംഗപട്ടണയിലുമാണ് ടോള്‍ ബൂത്തുകളുള്ളത്.

അതിവേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പതുക്കെ പോകുന്ന ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവ തടസ്സമുണ്ടാക്കുന്നുവെന്നും അവ മറ്റ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുന്നതായും ഇതിനാലാണ് ഇത്തരം വാഹനങ്ങളെ നിരോധിക്കുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെ 84 അപകടങ്ങളിലായി നൂറുപേരാണ് പാതയില്‍ മരിച്ചത്. 223 അപകടങ്ങളിലായി 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു.

ഈ വര്‍ഷം മാര്‍ച്ച്‌ 12വരെ 100 പേരാണ് മരിച്ചത്. 150 പേര്‍ക്ക് 308 അപകടങ്ങളിലായി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 8480 കോടി രൂപയാണ് 118 കിലോമീറ്ററുള്ള പാതയുടെ നിര്‍മാണച്ചെലവ്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വിസ് റോഡുകളുമാണുള്ളത്. പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉദ്ഘാടനത്തിന് മുമ്ബുതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. വേണ്ടത്ര സുരക്ഷാനടപടികള്‍ സ്വീകരിക്കാതെ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനായി പെട്ടെന്നുതന്നെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ പാത തുറന്നുകൊടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

അന്നുമുതല്‍ അപകടങ്ങളും ഏറി. ഒമ്ബത് വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, 64 അടിപ്പാതകള്‍, 11 മേല്‍പാതകള്‍, അഞ്ച് ബൈപാസുകള്‍ എന്നിവയടങ്ങിയതാണ് അതിവേഗപാത. പാതയിലെ കൂടിയ വേഗം മണിക്കൂറില്‍ 80 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയിലാണ്. സുരക്ഷാനടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ എ.ഐ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.നിര്‍മിതബുദ്ധി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇത്തരം കാമറകള്‍ അമിതവേഗക്കാരെ പിടികൂടും. വാഹനങ്ങളുടെ സ്പീഡ് എ.കെ കാമറകളുടെ സ്ക്രീനില്‍ തെളിയും. നേരത്തേ തന്നെ പാതയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നു. കൂടുതല്‍ എ.ഐ കാമറകള്‍ വരുംദിവസങ്ങളില്‍ സ്ഥാപിക്കും

You may also like

error: Content is protected !!
Join Our WhatsApp Group