ബെംഗളൂരു കാഴ്ചപരിമിതിയുള്ള യാത്രക്കാർക്കു സുഖയാത്ര ഉറപ്പാക്കാൻ ശബ്ദ അറിയിപ്പ് (ഓഡിയോ അനൗൺസ്മെന്റ്) സംവിധാനം സ്‌ഥാപിച്ച് ബിഎംടിസി. ഒരു മാസത്തിനുള്ളിൽ എല്ലാ ബസുകളിലും ഇതു നിലവിൽ വരുമെന്ന് ബിഎംടിസി പിആർഒ സുനിത പറഞ്ഞു. സ്റ്റോപ്പുകളെക്കുറിച്ച് യാത്രക്കാർക്കു കൃത്യമായ ശബ്ദ അറിയിപ്പ് നൽകുന്ന സംവിധാനമാണിത്. പുതുതായി നഗരത്തിൽ എത്തുന്നവർക്കും കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സംവിധാനം സഹായകമാകും. ബസുകളിൽ ഇത്തരം സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാന സർക്കാരിനോടും ബിഎംടിസിയോടും ഒക്ടോബറിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കാഴ്‌ചപരിമിതിയുള്ള അഭിഭാഷകനായ എൻ.ശ്രേയസ് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചായിരുന്നു നടപടി.പൊതുഗതാഗത സംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പൈലറ്റില്ലാ മെട്രോ ട്രെയിൻ ചൈനയിൽ നിന്നെത്തും: നമ്മ മെട്രോ യെലോ ലൈനിൽ ഓടിക്കാനുള്ള പൈലറ്റില്ലാ ട്രെയിൻ 15ന് ചൈനയിൽ നിന്നു കപ്പൽ മാർഗം ചെന്നൈ തുറമുഖത്തേക്കു കയറ്റി അയയ്ക്കും. ഇവ പ്രവർത്തിപ്പിക്കാൻ ബിഎംആർസി ജീവനക്കാർക്കു പരിശീലനം നൽകുന്നതിനായി എത്തുന്ന 21 അംഗ ചൈനീസ് സാങ്കേതിക വിദഗ്‌ധരുടെ സംഘത്തിനു വീസ ലഭിക്കുന്നതിലുണ്ടായ കാലതാമസം നീങ്ങിയതോടെയാണിത്. ചെന്നൈയിൽ നിന്നു റോഡ് മാർഗം ഇവ ജനുവരി 15ഓടെ ബെംഗളൂരുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലെ റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷനിൽ (സിആർആർസി) നിർമാണം പൂർത്തിയായ കോച്ചുകളുള്ള 2 ട്രെയിനുകളാണ് എത്തുന്നത്.
ശേഷിക്കുന്ന 204 കോച്ചുകൾ അടുത്ത വർഷം കമ്പനി ചൈനീസ് കമ്പനി ബിഎംആർസിക്ക് കൈമാറും. കൊൽക്കത്ത ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ടിറ്റാഗ്ര റെയിൽ കമ്പനിയുമായി ചേർന്നാണ് സിആർആർസി കോച്ചുകൾ നിർമിക്കുന്നത്. നഗരത്തിന്റെ ഐടി ആസ്ഥാനമായ ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര 19.5 കിലോമീറ്റർ പാതയിൽ ഏപ്രിലിൽ പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാതയിലെ 16 സ്‌റ്റേഷനുകളിൽ 15 എണ്ണത്തിന്റെയും 95% നിർമാണം പൂർത്തിയായിട്ടുണ്ട്