ബെംഗ്ളൂറു: വധശ്രമത്തിനും കലാപത്തിനും ശ്രമിച്ചെന്ന കേസില്‍ അഭിഭാഷകന് ബെംഗ്ളൂറില്‍ പിടിയില്‍.അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന് നല്കിയ മാനനഷ്ടക്കേസ് നേരിടുന്ന അഭിഭാഷകനെയാണ് അള്‍സൂര്‍ ഗേറ്റ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, കലാപം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച സിറ്റി സിവില്‍ കോടതി വളപ്പില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാരായണ സ്വാമി എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കുകിഴക്കന്‍ ബെംഗ്ളൂറിലെ കൊടിഗെഹള്ളി സ്വദേശി ജഗദീഷ് കെ എന്‍ മഹാദേവിനെ അറസ്റ്റ് ചെയ്തത്. മഹാദേവിനെതിരെ കേസെടുത്തതായും അള്‍സൂര്‍ ഗേറ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതായും ഡെപ്യൂടി പൊലീസ് കമീഷണര്‍ (സെന്‍ട്രല്‍) എംഎന്‍ അനുചേത് പറഞ്ഞു.
അതേസമയം, മാനനഷ്ടക്കേസിലെ രേഖകള്‍ വെള്ളിയാഴ്ച കോടതിയില്‍ സമര്പിക്കാനിരിക്കെയാണ് തന്നെയും മകനെയും അഭിഭാഷകരായ സുഹൃത്തുക്കളെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചതെന്ന് ജഗദീഷ് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. ബെംഗ്ളൂറിലെ അഡ്വകേറ്റ്സ് അസോസിയേഷന് (എഎബി) പ്രസിഡന്റ് വിവേക് സുബ്ബ റെഡിയും ജഗദീഷിനെതിരെ ശനിയാഴ്ച രാത്രി പൊലീസ് കമീഷനര്‍ക്ക് പരാതി നല്കി. അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷനര്‍ കമല്‍ പന്ത് ഇക്കാര്യം അന്വേഷിക്കാന്‍ അധികാര പരിധിയിലുള്ള പൊലീസിന് നിര്‍ദേശം നല്കി.