കൊൽക്കത്ത: പൂർണമായും എച്ച്.ഐ.വി പോസിറ്റീവായവർ ജീവനക്കാരായുള്ള ആദ്യ കഫേ കൊൽക്കത്തയിൽ തുറന്നു.കഫേ പോസിറ്റീവ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ പ്രധാനലക്ഷ്യം എച്ച്.ഐ.വി പോസിറ്റീവായ ആളുകളെ സംബന്ധിച്ചുള്ള തെറ്റായധാരണകൾ മാറ്റുക എന്നുള്ളതാണ്.ഏഴ് കൗമാരക്കാരാണ് കഫേയിലെ ജീവൻക്കാർ.
മുഴുവൻ പേരും എച്ച്.ഐ.വി പോസിറ്റീവായവരാണ്. കഫേയുടെ ഉടമയായ കല്ലോൾ ഘോഷ് ആനന്ദനഗറിലെ ഒരു എൻ.ജി.ഒയുടെ സ്ഥാപകൻ കൂടിയാണ്. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുക, എച്ച്.ഐ.വി ബാധിച്ചവരുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് എൻ.ജി.ഒ പ്രവർത്തിക്കുന്നത്.
ഫ്രാങ്ക്ഫർട്ടിലെ ഒരു കഫേയിൽ നിന്നാണ് തനിക്ക് ഇത്തരമൊരു ആശയം ലഭിച്ചതെന്ന് ഘോഷ് പറയുന്നു. ജുവൈനൽ ജസ്റ്റിസ് നിയമമനുസരിച്ച് 18 വയസിന് ശേഷം കുട്ടികൾക്ക് അനാഥാലയങ്ങളിൽ കഴിയാനാവില്ല. 18 വയസിന് ശേഷം ഈ കുട്ടികൾ എന്തു ചെയ്യുമെന്ന ചോദ്യമാണ് കഫേ തുടങ്ങാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
2018ലാണ് താൻ ആദ്യമായി കഫേ തുടങ്ങിയത്. ഇപ്പോൾ ബിസിനസ് വ്യാപിപ്പിക്കുകയാണ്. കിഴക്കൻ ഇന്ത്യയിൽ ഇതുപോലത്തെ 30 കഫേകൾ കൂടി തുടങ്ങാനാണ് പദ്ധതി. കഫേയെ സംബന്ധിച്ച ആളുകൾക്ക് നല്ല പ്രതികരണമല്ല ഉണ്ടായിരുന്നത്. എന്നാൽ, കാര്യങ്ങൾ പറഞ്ഞ്ബോധ്യപ്പെടുത്തിയപ്പോൾ ചിലരെങ്കിലും ഒപ്പം നിൽക്കാൻ തയാറായെന്നും ഘോഷ് പറഞ്ഞു.
കഫേക്കായി ഷെഫിനെ ലഭിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. നേരത്തെ തെരഞ്ഞെടുത്ത ഷെഫ് കുടുംബത്തിന്റെ എതിർപ്പ് കാരണം ജോലിക്ക് വരാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.