ബെംഗളൂരു: നഗരത്തിൽ ജനസംഖ്യ വർധിക്കുന്നതനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിക്കുകയാണ്.നഗരത്തിലെ പത്ത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽനിന്നായി ദിവസം ശരാശരി 3,000 വാഹനങ്ങൾ ഇറങ്ങുന്നതായാണ് കണക്ക്.കഴിഞ്ഞ ഡിസംബർ വരെ നഗരത്തിൽ 1.23 കോടി വാഹനങ്ങളുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. 2015-ൽ 64.4 ലക്ഷം വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
പത്ത് വർഷംകൊണ്ട് വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. എന്നാൽ, നഗരത്തിലെ റോഡുകളുടെ വലുപ്പത്തിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.നഗരത്തിൽ വിവിധയിടങ്ങളിലായി ഒരുദിവസം ശരാശരി 90 വാഹനങ്ങൾ ബ്രേക്ക് ഡൗണാകുന്നതായി ട്രാഫിക് പോലീസിന്റെ രേഖകൾ പറയുന്നു. പലതിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു.