മംഗ്ളുറു: കര്‍ണാടകയിലെ മംഗ്ളുറു മലാലിയിലെ പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള ഒരു വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി വിശ്വഹിന്ദു പരിഷത് (വി എച് പി) സമര്‍പിച്ച ഹര്‍ജിയില്‍ പ്രാദേശിക കോടതി ബുധനാഴ്ച വാദം കേള്‍ക്കല്‍ പുനരാരംഭിച്ചു.മലാലിയിലെ ജുമാ മസ്ജിദ് സര്‍വേ നടത്താന്‍ കോടതി നിയോഗിച്ച കമീഷന് വേണമെന്ന വി എച് പിയുടെ ആവശ്യത്തെ അസയ്യിദ് അബ്ദുല്ലാഹില്‍ മദനി മസ്ജിദ് അഡ്മിനിസ്ട്രേറ്റീവ് കമിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് എതിര്‍ക്കുകയും മസ്ജിദ് പരിസരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വി എച് പി ഹര്‍ജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അഭിഭാഷകന് മൂന്നാം അഡീഷണല്‍ സിവില്‍ കോടതിയില്‍ ഹര്‍ജി സമര്‍പിച്ചിരുന്നു. കോടതി ഒരു കമീഷനറെ നിയമിക്കണമെന്നും സ്ഥലത്തിന്റെ സര്‍വേയ്ക്ക് ഉത്തരവിടണമെന്നും വി എച് പിയെ പ്രതിനിധീകരിച്ച് അഭിഭാഷകന് ചിദാനന്ദ കെദിലയ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കോടതി കമീഷനറെ പുരാവസ്തു വകുപ്പിന് സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസത്തില്‍, നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റുകയും അവിടെ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നുമാണ് ഹിന്ദുത്വ സംഘടനകള്‍ പറയുന്നത്. ഇതിന് പിന്നാലെ ആരാധനാലയത്തിന്റെ മതസ്വഭാവം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ഹര്‍ജി നല്‍കുകയായിരുന്നു.
അന്വേഷണം നടത്തണമെന്നും അതുവരെ തല്‍സ്ഥിതി തുടരണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹരജി പരിഗണിച്ച്, അവിടെയുള്ള കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയോ പൊളിക്കുകയോ ചെയ്യുന്നതില്‍ നിന്ന് മസ്ജിദ് അധികൃതരെ വിലക്കുകയും ചെയ്തു. തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള പ്രസക്തമായ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കേസ് കോടതിയില്‍ നേരിടുമെന്നും മസ്ജിദ് മാനജ്മെന്റ് പറയുന്നു.