വാഷിങ്ടൺ: ഒരു കോടിയിലധികം പേർ ഡൗൺലോഡ് ചെയ്ത ജനപ്രിയ മുസ്ലിം പ്രാർത്ഥന ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ഡസൻ കണക്കിന് ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽനിന്നും ഗൂഗ്ൾ നീക്കം ചെയ്തതായി റിപോർട്ട്.
ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്ന ഒരു കോഡ് ഗവേഷകർ കണ്ടെത്തിയതിന് ശേഷം പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതിൽ ബാർകോഡ് സ്കാനറും ക്ലോക്ക് വിജറ്റും സ്പീഡ് ക്യാമറ റഡാറും വൈഫൈ മൗസും ഇറാനിൽ പ്രചാരത്തിലുള്ള ഒരു കാലാവസ്ഥാ ആപ്പും ഉൾപ്പെടുന്നു.
കൂടാതെ, Al Moazin Lite (പ്രാർഥനാ സമയം), Qibla Compass – Ramadan 2022, Al Quran Mp3 – 50 Reciters & Translation Audio, Speed Camera Radar, Smart Kit 360 തുടങ്ങിയവയും നീക്കം ചെയ്ത ആപ്പുകളിൽ ഉൾപ്പെടും.
‘യുഎസ് ദേശീയ സുരക്ഷാ ഏജൻസികൾക്കായി സൈബർ ഇന്റലിജൻസ്, നെറ്റ്വർക്ക് ഡിഫൻസ്, ഇന്റലിജൻസ് ഇന്റർസെപ്റ്റ് ജോലികൾ ചെയ്യുന്ന യുഎസ് പ്രതിരോധ കരാറുകാരുമായി ബന്ധമുള്ള ഒരു കമ്ബനിയാണ് കോഡ് തയ്യാറാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു.
ഉപകരണങ്ങളിൽ നിന്ന് ഫോൺനമ്ബറുകൾ പോലുള്ള വ്യക്തിഗത ഐഡന്റിഫയറുകൾ ചോർത്താൻ കോഡ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്.
ചില ആപ്പുകൾക്ക് ഉപയോക്താക്കളുടെ ലൊക്കേഷനുകൾ കണ്ടെത്താനും കഴിയും, മൊത്തത്തിൽ, ആറു കോടിയിലധികം തവണ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ഡാറ്റാ ഹാർവെസ്റ്റിംഗ് കോഡ് നീക്കംചെയ്തുകഴിഞ്ഞാൽ നിരോധിത ആപ്പുകൾ പുനഃസ്ഥാപിക്കുന്നതിന് അപേക്ഷിക്കാമെന്ന് ഗൂഗ്ൾ അറിയിച്ചു.
2020 നവംബറിൽ, ലോകമെമ്ബാടും 100 ദശലക്ഷം ഡൗൺലോഡ് ചെയ്യപ്പെട്ട മുസ്ലിം പ്രോ എന്ന നമസ്കാര ആപ്പിന്റെ ഡാറ്റ ഒരു കമ്ബനിക്ക് വിറ്റതായി വെളിപ്പെടുത്തിയിരുന്നു. കമ്ബനി വിവരങ്ങൾ യുഎസ് സൈന്യത്തിനാണ് വിറ്റത്.