തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ ഒന്‍പത് വരെയുളള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഏപ്രില്‍ 2 വരെയാണ് പരീക്ഷകള്‍ നടത്തുക.. അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 29 ന് പരീക്ഷകള്‍ അവസാനിക്കും. പതിവ് പോലെ ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്കൂളുകള്‍ക്ക് മധ്യവേനല്‍ അവധിയായിരിക്കും. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്കുളള പരിശീലനം മെയ് മാസത്തില്‍ നല്‍കും.
സംസ്ഥാനത്തെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷ ഏപ്രില്‍ 22 ന് അവസാനിക്കും. പ്ലസ് വണ്‍/വി എച്ച് എസ് ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെയാണ് നടക്കുക. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി നടത്തുന്ന “തെളിമ “പദ്ധതി വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.