Home Featured അമിത് ഷാ കര്‍ണാടകത്തിലേക്ക്; ലക്ഷ്യം മൈസൂരു

അമിത് ഷാ കര്‍ണാടകത്തിലേക്ക്; ലക്ഷ്യം മൈസൂരു

by കൊസ്‌തേപ്പ്

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി ഇവിടെ തന്ത്രങ്ങള്‍ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധ മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്.

അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളും ബി ജെ പി ആരംഭിച്ച്‌ കഴിഞ്ഞു. പഴയ മൈസൂരു മേഖലയിലുള്ള ജെ ഡി എസ് കോട്ടകളില്‍ അമിത് ഷായുടെ പ്രത്യേക പരിപാടികളാണ് ബി ജെ പി തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മാണ്ഡ്യയില്‍ അമിത് ഷാ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ജെ ഡി എസിന് സ്വാധീനം

ജെ ഡി എസിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് മാണ്ഡ്യ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 9 ല്‍ ഏഴ് സീറ്റുകളും നേടിയെടുക്കാന്‍ ജെ ഡി എസിന് സാധിച്ചിരുന്നു. മൈസൂരു മേഖവയിലെ നാല് ജില്ലകളിലുമായി 29 നിയമസഭ സീറ്റുകള്‍ ആണ് ഉള്ളത്. ഇതില്‍ അഞ്ചിടത്ത് ബി ജെ പിയായിരുന്നു 2018 ല്‍ വിജയിച്ചത്. അധികാരം നിലനിര്‍ത്താന്‍ പഴയ മൈസൂരു മേഖല ഏറെ നിര്‍ണായകമാണെന്നാണ് ബി ജെ പി വിലയിരുത്തുന്നത്. തുനിഞ്ഞിറങ്ങിയാല്‍ മൈസൂരുവില്‍ സ്വാധീനം നേടാനാകുമെന്നാണ് ബി ജെ പി കണക്ക് കൂട്ടല്‍.

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍

2019 ല്‍ ല്‍ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ കെ ആര്‍ പേട്ട് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. ജെ ഡി എസ് നേതാവായിരുന്നു നാരായണ ഗൗഡയെ ബി ജെ പിയില്‍ എത്തിച്ച്‌ കൊണ്ടായിരുന്നു പാര്‍ട്ടി ഇവിടെ ചരിത്രം കുറിച്ചത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സുമതല അംബരീഷിലൂടെ മാണ്ഡ്യ പിടിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. സ്വതന്ത്രയായി മത്സരത്തിന് ഇറങ്ങിയ സുമലതയ്ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ ബി ജെ പിയില്‍ ഔദ്യോഗികമായി ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബി ജെ പി നീക്കങ്ങള്‍ വിജയിച്ചേക്കില്ല

അതേസമയം ഇവിടെ ബി ജെ പി നീക്കങ്ങള്‍ അത്ര പെട്ടെന്ന് വിജയിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വൊക്കാലിഗ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. പൊതുവെ കോണ്‍ഗ്രസിനേയും ജെ ഡി എസിനേയും പിന്തുണയ്ക്കുന്നവരാണ് ഈ സമുദായാംഗങ്ങള്‍. വൊക്കാലിഗ സമുദായക്കാരനായ ഡി കെ ശിവകുമാറിനെ അധ്യക്ഷനാക്കിയതിലൂടെ സമുദായ വോട്ടുകള്‍ തങ്ങള്‍ക്ക് മറിയുമെന്നാണ് കോണ്‍ഗ്രസ് ഇവിടെ പ്രതീക്ഷ പുലര്‍ത്തുന്നത്.


ഡി കെയ്ക്ക് വേണ്ടി വൊക്കാലിഗ വിഭാഗം

നേരത്തേ ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്ബാധന കേസില്‍ മൈസൂര് മേഖലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ജെ ഡി എസുകാരായ വൊക്കാലിഗ വിഭാഗക്കാര്‍ അടക്കം അണിനിരന്നിരുന്നു. ഈ സാഹചര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതേസമയം സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ച്‌ കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ഇവിടെ ജെ ഡി എസ്. തന്ത്രങ്ങള്‍ ഫലിക്കുമെന്നും പഴയ മൈസൂര്‍ മേഖലയില്‍ ആധിപത്യം തുടരുമെന്നും ജെ ഡി എസ് അവകാശപ്പെടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group