ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രവചനം. സ്വര്‍ണ്ണ വില 52,000 കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ വൈസ് പ്രസിഡണ്ട് അമിത് സജ്ജേയാണ് സൂചന നല്‍കിയത്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,000 ഡോളറാകും. ഇന്ത്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും സ്വര്‍ണവില എന്ന് അമിത് സജ്ജേ പറയുന്നു.
ഐഐഎഫ്‌എല്‍ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത, കമ്മോഡിറ്റി മാര്‍ക്കറ്റ് വിദഗ്ധന്‍ വീരേഷ് ഹിരേമത്ത്, പൃഥ്വി ഫിന്‍മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ മനോജ് കുമാര്‍ ജെയിന്‍, കെഡിയ അഡൈ്വസറി മാനേജിംഗ് ഡയറക്ടര്‍ അജയ് കേഡിയ എന്നിവരും സമാനമായ പ്രവചനം ആണ് സ്വര്‍ണവില സംബന്ധിച്ച് നടത്തിയിരിക്കുന്നത്.
യു.എസ് സമ്ബദ്‌വ്യവസ്ഥയിലെ ഭാവി മാറ്റം, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് മാറ്റം എന്നിവ സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയാക്കുമെന്നാണ് സൂചന. ഇതിനൊപ്പം എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി, വൈദ്യുതി ക്ഷാമം, യു.എസ്-ചൈന ചര്‍ച്ച, കോവിഡ് ഡെല്‍റ്റ വേരിയന്റ് കേസുകളുടെ വര്‍ദ്ധന എന്നിവയും വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചേക്കും.
2019 ല്‍ 52 ശതമാനവും 2020ല്‍ 25 ശതമാനവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കൊറോണയ്ക്ക് ശേഷവും സ്വര്‍ണത്തിന്റേയും സ്വര്‍ണാഭരണങ്ങളുടെയും ആവശ്യക്കാരും കൂടിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ ആവശ്യത്തിന് 47 ശതമാനവും ആഭരണങ്ങളുടേതില്‍ 58 ശതമാനവും വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.