ആമസോണ്‍ തങ്ങളുടെ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ നിന്ന് 16,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത ടെക് ലോകത്തിന് വലിയ ആശങ്ക നല്‍കിയിരുന്നു.അമേരിക്ക, യുകെ, ഇന്ത്യ, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. കോര്‍പ്പറേറ്റ് ജോലികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പിടിമുറുക്കുന്നതും കമ്പനിയുടെ പ്രവര്‍ത്തന മുന്‍ഗണനകളില്‍ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായിട്ടുമാണ് ഈ നടപടിയെന്ന് ആമസോണ്‍ വ്യക്തമാക്കി. പിരിച്ചുവിടുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്.പീപ്പിള്‍ എക്സ്പീരിയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി അയച്ച ഔദ്യോഗിക ഇ-മെയില്‍ വഴിയാണ് ജീവനക്കാര്‍ക്ക് ഈ വിവരം ലഭിച്ചത്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി 90 ദിവസത്തെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ സെവറന്‍സ് പാക്കേജും (പിരിഞ്ഞുപോകുമ്പോള്‍ ലഭിക്കുന്ന പ്രത്യേക തുക) പുതിയ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പരിശീലന പദ്ധതികളും ലഭ്യമാക്കും.പിരിച്ചുവിടല്‍ നടപടി നേരിട്ടവര്‍ ഓഫീസിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ അവരുടെ ബാഡ്ജ് ആക്സസ് ഉടനടി റദ്ദാക്കി.
എങ്കിലും അടുത്ത മൂന്ന് മാസത്തേക്ക് ഇ-മെയില്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ സ്വന്തം ലാപ്‌ടോപ് വഴി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കും. ഈ പ്രയാസകരമായ സാഹചര്യത്തില്‍ ജീവനക്കാരെ സഹായിക്കാന്‍ പ്രത്യേകം എച്ച്‌ആര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മാനസികമായ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായം ലഭ്യമാണെന്നും ആമസോണ്‍ അറിയിച്ചു. സംശയങ്ങള്‍ ചോദിക്കാനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനും എച്ച്‌ആര്‍ വിഭാഗവുമായി ബന്ധപ്പെടാനും ഇ-മെയിലില്‍ പറയുന്നുണ്ട്.ഇന്ത്യയില്‍ ആയിരത്തിലേറെ ആമസോണ്‍ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഓഫീസുകളെ പിരിച്ചുവിടല്‍ കാര്യമായി ബാധിക്കും. രണ്ടു ഘട്ടങ്ങളിലായുള്ള പിരിച്ചുവിടല്‍ കമ്പനിയിലെ ലോകമെമ്പാടമുള്ള മുപ്പതിനായിരത്തോളം ജീവനക്കാരെയാണ് ബാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14,000 പേരെ ആമസോണ്‍ പിരിച്ചുവിടലിന്റെ രണ്ടാം ഘട്ടമാണിത്. ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആകെ 30,000 പേര്‍ക്ക് ജോലി നഷ്ടപ്പെടും.