സന്ഫ്രാന്‍സിസ്കോ: ട്വിറ്ററിനും ഡിസ്നിയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണും. ലോകമെമ്പാടുമുള്ള “കോർപ്പറേറ്റ് ആന്റ് ടെക്നോളജി”യിലെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോണ്‍.
ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടല്‍ സംഭവിച്ചാല്‍, കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് ഇത്. എന്നാല്‍ ഈ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന.
വരുമാന വ്യത്യാസത്തോടൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറഞ്ഞുവരുന്നുണ്ട്. നിലവില്‍ ആഗോളമാന്ദ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഭൂരിപക്ഷം പേരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു. ഇതുവഴി ഓണ്‍ലൈന്‍ വിപണി സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. കോവിഡ് കുറഞ്ഞതോടെ ഇതിന് വ്യത്യാസം വന്നു.
ഓണ്‍ലൈന്‍ വിട്ട് ഓഫ്ലൈനിലേക്ക് കൂടുതല്‍ പേരും ഇറങ്ങിചെന്നു. ഇതും വില്പനയെ ബാധിച്ചിരിക്കാം എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്പനികളും ചൂണ്ടിക്കാണിക്കുന്നത് ചെലവ് ചുരുക്കലാണ്. കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി എത്തിയിരുന്നു.
മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടല്‍ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം മാത്രമാണ് നിലവില്‍ നടത്തുന്നത്.
മറ്റെല്ലാ റോളുകളിലുള്ള നിയമനവും പിടിച്ചു വെച്ചിരിക്കുകയാണ്. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരിൽ നിന്ന് എത്രത്തോളം ജോലികൾ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആപ്പിൾ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉല്പന്നങ്ങളിലും സേവനങ്ങളിലും ഡിമാൻഡ് കുറയുന്നതിനാൽ നിയമനങ്ങൾ മന്ദഗതിയിലാക്കിയിരിക്കുകയാണ്.
ആ കുഞ്ഞ് ഇതാ ഇവിടെയുണ്ട്; സ്വാഗതം ‘വിനിസ് മബന്‍സാഗ്’- ലോക ജനസംഖ്യ 800 കോടി തൊട്ടു
മനില: ലോക ജനസംഖ്യ 800 കോടി തൊട്ടത് ഫിലിപ്പീന്‍സിലെ മനിലയില്‍. മനിലയിലെ ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്.
പ്രാദേശിക സമയം പുലര്‍ച്ചെ 1.29ന് ടോണ്ടോയിലെ ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന എന്ന പെണ്‍കുഞ്ഞിനെയാണ് 800 കോടി തൊട്ടതായി പ്രതീകാത്മകമായി കണക്കാക്കുന്നത്.
കുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് കമ്മീഷന്‍ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കിട്ടു. ലോക ജനസംഖ്യ 800 കോടി എന്ന നാഴികക്കല്ലില്‍ എത്തിയതായും ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞിനെ 800 കോടിയിലെ മനുഷ്യ ജന്മമായി സ്വാഗതം ചെയ്യുന്നതായും പേജില്‍ വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വര്‍ഷം പിന്നിടുമ്ബോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്.
ജനസംഖ്യാ വളര്‍ച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവില്‍ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്തവര്‍ഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജനസംഖ്യാ വളര്‍ച്ചയുടെ വര്‍ധനവ് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണ്. 2030ല്‍ ലോകജനസംഖ്യ 850 കോടിയും 2050ല്‍ 970 കോടിയുമെത്തിയേക്കാം. 2080കളിലിത് ഏറ്റവും ഉയര്‍ന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയില്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനനിരക്കില്‍ ലോകമെമ്ബാടുമുള്ള ഇടിവാണ് മന്ദഗതിയിലുള്ള വളര്‍ച്ചയുടെ കാരണം.
2050 വരെയുള്ള ജനസംഖ്യാവളര്‍ച്ചാ അനുമാനത്തില്‍ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിനാല്‍ ലോകത്ത് മരണനിരക്കും വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.