കര്‍ണാടക ഡിജിപിയായി സീനിയര്‍ ഐപിഎസ് ഓഫീസര്‍ അലോക് മോഹനെ നിയമിച്ചു. ഡിജിപിയുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. നിലവിലെ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനെ സിബിഐ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.അലോക് മോഹന്‍ തിങ്കളാഴ്ച ഡിജിപിയായി ചുമതലയേല്‍ക്കും.
ഡിജിപി റാങ്കിലുള്ള അലോക് മോഹന്‍ നിലവില്‍ ഹോം ഗാര്‍ഡ്‌സ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയാണ്. 1987 ബാച്ച് ഐപിഎസ് ഓഫീസറാണ്.ഇടക്കാല പൊലീസ് മേധാവിയായി നിയമിതനായ അലോക് മോഹന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
നിലവിലെ രീതി അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിസ്ഥാനത്തേക്ക് പരിഗണിക്കേണ്ട ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തി പട്ടിക യുപിഎസ് സിക്ക് കൈമാറും.ഇതില്‍ നിന്നും മൂന്നുപേരുടെ പേര് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പൊലീസ് മേധാവിയെ നിയമിക്കേണ്ടത്. ഐഐടി റൂര്‍ക്കിയിലും ഹാര്‍വാഡ് സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അലോക് മോഹന്‍, ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.