ബെംഗളുരു: ബാഗൽകോട്ട് കുൻഗുണ്ടിലെ സെന്റ് പോൾ സ്കൂളിനെതിരെ ഉയർന്ന മതപരിവർത്തന ആരോപണം അന്വേഷിക്കാൻ 3 അംഗ സമിതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചു. ക്രിസ്മസ് ദിനത്തിൽ ക്ലാസ്മുറിയിൽ മാംസാഹാരവും വൈനും വിളമ്പിയതിനു പുറമേ ബൈബിൾ വിതരണവും നടത്തിയെന്ന ആരോപണത്തിന്മേൽ സ്കൂൾ അടച്ചിടാൻ ബ്ലോക് എജ്യുക്കേഷൻ ഓഫിസർ (ബി ഇഒ) 26ന് ഉത്തരവിട്ടിരുന്നെങ്കിലും സംഭവം വിവാദമായതിനു പിന്നാലെ 31ന് പിൻവലിച്ചിരുന്നു.
സർക്കാർ ചട്ടങ്ങൾ ലംഘിച്ച് സ്കൂൾ തുടർച്ചയായി ഇത്തരം ആഘോഷങ്ങളും പരിവർത്തന ശ്രമങ്ങളും നടത്തുന്നതായുള്ള തീവ്രഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്നാണ് അന്വേഷണ സമിതിയെ നിയോഗിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ശ്രീശൈൽ ബിരാദാർ പറഞ്ഞു. ബഞ്ചാര, ആംബിഗർ പിന്നാക്ക സമുദായാംഗങ്ങളെ സ്കൂളിന്റെ നേതൃത്വത്തിൽ വർഷങ്ങളായി ക്രിസ്തു മതത്തിലേക്കു പരിവർ ചെയ്യുന്നുവെന്നാണ് പ്രധാന പരാതി. ഇതേത്തുടർന്നായിരുന്നു ബിഇഒയുടെ നടപടി. അതേസമയം ഇത്തരമൊരു ക്രിസ്മസ് വിരുന്ന് സ്കൂൾ ഇടപെട്ട് നടത്തിയില്ലെന്നാണു മാനേജ്മെനിന്റെ വിശദീകരണം.