Home Featured ബെംഗളൂരുവിൽ നാല് ദിവസത്തെ മദ്യ നിരോധനം ഏർപ്പെടുത്തി

ബെംഗളൂരുവിൽ നാല് ദിവസത്തെ മദ്യ നിരോധനം ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതൽ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് തീരുമാനം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്പോൾ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചുഫെബ്രുവരി 14 ന് വൈകുന്നേരം 5 മണി മുതൽ ഫെബ്രുവരി 17 ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം.

പൊലീസ് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. വോട്ടെണ്ണൽ ദിനമായ ഫെബ്രുവരി 20നും മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. വാലന്‍റൈൻസ് ദിനത്തിൽ വന്ന മദ്യ നിരോധനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വർ ട്രേഡേഴ്‌സ് അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്. വാലന്‍റൈൻസ് ദിനമടക്കം നാല് ദിവസം ആണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഇത് കച്ചവടത്തെ കാര്യമായി ബാധിക്കും. അതിനാൽ ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വർ ട്രേഡേഴ്‌സ് അസോസിയേഷൻ (ബിസിഡിഎൽടിഎ) ആവശ്യപ്പെട്ടു.

നഗരത്തിലെ 3,700-ലധികം സ്ഥാപനങ്ങളെ മദ്യ നിരോധനം പ്രതികൂലമായി ബാധിക്കുമെന്നും എക്സൈസ് തീരുവ ഇനത്തിൽ സംസ്ഥാനത്തിന് ഏകദേശം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അസോസിയേഷൻ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ വിദ്യാ സമ്പന്നരാണ്, അവർ ഉചിതമായ ഇടപെടൽ നടത്തും, മദ്യം നിരോധിക്കണമെന്നില്ലെന്നാണ് അസോസിയേഷൻ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അസോസിയേഷൻ കത്തയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group