Home Featured ഹവായ് ചെരുപ്പിട്ടവരെയും പറപ്പിക്കാന്‍ ‘ആകാശ എയര്‍’; കൊച്ചിയില്‍നിന്നും സര്‍വീസ് തുടങ്ങി; പ്രതിവാര ബെംഗളൂരു സര്‍വീസുകള്‍ 100 എണ്ണമായി; മികച്ച പ്രതികരണമെന്ന് കമ്ബനി അധികൃതര്‍

ഹവായ് ചെരുപ്പിട്ടവരെയും പറപ്പിക്കാന്‍ ‘ആകാശ എയര്‍’; കൊച്ചിയില്‍നിന്നും സര്‍വീസ് തുടങ്ങി; പ്രതിവാര ബെംഗളൂരു സര്‍വീസുകള്‍ 100 എണ്ണമായി; മികച്ച പ്രതികരണമെന്ന് കമ്ബനി അധികൃതര്‍

കൊച്ചി: രാജ്യത്തെ പുതിയ വിമാനക്കമ്ബനിയായ ആകാശ എയര്‍ കൊച്ചിയില്‍നിന്നും സര്‍വീസ് ആരംഭിച്ചു.സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് കൊച്ചിയില്‍നിന്നുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10നു ബെംഗളൂരുവിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. ഇതോടെ കൊച്ചിയില്‍ നിന്നുള്ള പ്രതിവാര ബെംഗളൂരു സര്‍വീസുകളുടെ എണ്ണം 100 ആയി.

ശനിയാഴ്ച മുതല്‍ ബെംഗളൂരു-കൊച്ചി-ബെംഗളൂരു മേഖലയില്‍ ആകാശ എയര്‍ ദിവസവും രണ്ടു വീതം സര്‍വീസുകള്‍ നടത്തും. രാവിലെ 8.30ന് ബെംഗളൂരുവില്‍ നിന്നുമെത്തുന്ന ആദ്യ വിമാനം 9.05നു മടങ്ങും. 12.30ന് എത്തുന്ന രണ്ടാം വിമാനം 1.10നു മടങ്ങിപ്പോവും. കൊച്ചി കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നു മാത്രമാണ് ആകാശ, സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തിലെ 56 പ്രതിവാര സര്‍വീസുകളില്‍ ഇരുപത്തെട്ടും കൊച്ചിയില്‍നിന്നാണ്.വിമാനത്തില്‍ യാത്ര ചെയ്യണമെന്ന മോഹം ഇനിയും സഫലമാകാത്തവരുണ്ടെങ്കില്‍ അത്തരക്കാരെക്കൂടി പറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചിറകുവിരിക്കുന്നതെന്ന ആകാശ എയറിന്റെ വാഗ്ദാനം വലിയ പ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹവായ് ചെരുപ്പിടുന്നവര്‍ക്കെല്ലാം വിമാനയാത്ര സാധ്യമാകുമെന്നാണ് ആകാശ എയറിന്റെ വാഗ്ദാനം.

രാജ്യം ഏറെ കാത്തിരുന്ന ആകാശ എയര്‍ സര്‍വീസ് ഒന്നാം ഘട്ടത്തില്‍ തന്നെ കൊച്ചിയെ ഉള്‍പ്പെടുത്തിയത് സന്തോഷത്തിനു വക നല്‍കുന്നതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു. യാത്രക്കാര്‍ക്കു മികച്ച സേവന സൗകര്യങ്ങളും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യവും ഒരുക്കുന്നതു സിയാലിന്റെ ഉത്തരവാദിത്തമാണെന്നു സുഹാസ് പറഞ്ഞു.

ആകാശ എയറിന്റെ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഇടയില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചതായി ആകാശ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. മിതമായ നിരക്കില്‍ ഏറ്റവും മികച്ച സേവനം യാത്രക്കാര്‍ക്ക് നല്‍കാന്‍ കൊച്ചി-ബെംഗളൂരു സര്‍വീസിലൂടെ ആകാശ എയറിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായി രാകേഷ് ജുന്‍ജുന്‍വാലയുടെ സാരഥ്യത്തിലാണ് ആകാശ എയര്‍ വരുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ രാജ്യത്തെ ചെലവുകുറഞ്ഞ എയര്‍ലൈനാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിന്റെ പിന്തുണയും എയര്‍ലൈന്‍സിനുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group