Home Featured കർണാടകത്തിൽ ത്രികോണ മത്സരത്തിൽ ബിജെപിക്ക് ജയം; കോൺഗ്രസ് ബി ടീമെന്ന് ജെഡിഎസ് വിമർശനം

കർണാടകത്തിൽ ത്രികോണ മത്സരത്തിൽ ബിജെപിക്ക് ജയം; കോൺഗ്രസ് ബി ടീമെന്ന് ജെഡിഎസ് വിമർശനം

ബെംഗളൂരു: കർണാടകയിൽ നിന്ന് നിർമ്മലാ സീതാരാമനും , കോൺഗ്രസ് സ്ഥാനാർത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറൻഷ്യൽ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. നിർമ്മലാ സീതാരാമൻ, നടൻ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിൽ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിർമല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു. തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്നാണ് ജെഡിഎസ് വിമർശനം.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനാണ് ജയം. രാജസ്ഥാനിലെ നിർണ്ണായകമായ മൂന്ന് സീറ്റിലും കോൺഗ്രസ് ജയിച്ചു. ഹരിയാനയിൽ ഫലപ്രഖ്യാപനം വൈകും. കോൺഗ്രസ് എംഎൽഎമാർ വോട്ട് പരസ്യമാക്കിയെന്ന ബിജെപിയുടെ പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് വൈകുന്നത്. ഇവിടെ കോൺഗ്രസ് പ്രതിനിധികളും  തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബിജെപിയുടെ പരാതി തള്ളിയ വരണാധികാരിയുടെ റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ട്.

രാജസ്ഥാനിൽ മുകുൾ വാസ്‌നിക്, രൺദീപ് സിംഗ് സുർ ജേവാല, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചു. ബിജെപി സ്ഥാനാർത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു. കക്ഷിനില കോൺഗ്രസ് 3 ബിജെപി 1 എന്നാണ്.

മഹാരാഷ്ട്രയിലും വോട്ടെണ്ണൽ വൈകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വന്ന ശേഷം മാത്രമേ വോട്ടെണ്ണൽ ആരംഭിക്കൂ. ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകൾ അസാധുവായി കണക്കാക്കണമെന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഇത്. കർണാടകയിൽ ജെഡിഎസ് എംഎൽഎ എച്ച്ഡി ദേവണ്ണ വോട്ട് പരസ്യപ്പെടുത്തിയെന്ന പരാതി വരണാധികാരി തള്ളിയതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

രാജ്യസഭ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ഫലമാകും വരിക. പരാജയ ഭീതിയിലാണ് ബി ജെ പി വോട്ടെണ്ണൽ തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

പതിന‍ഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ സീറ്റില്‍ മഹാവികാസ് അഘാഡിക്കും, കര്‍ണ്ണാടകത്തിലെ സീറ്റില്‍ ബിജെപിക്കും മുന്‍തൂക്കമെന്നാണ് സൂചന. 11 സംസ്ഥാനങ്ങളില്‍ എതിരില്ലാതെ  41 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നു.

മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം കടുക്കുന്നത്.  ഇതിൽ ബിജെപി 6 സീറ്റുകളിലും, കോൺഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എൻസിപി പാർട്ടികള് ‍ ഓരോ സീറ്റിലും ജയം ഉറപ്പിച്ചു . രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ ജയം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു.

ഹരിയാനയിൽ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോൺഗ്രസിൻറെ മുഴുവൻ വോട്ടുകളും കിട്ടിയാൽ ജയിക്കാനാകും. പ്രതിഷേധമുയർത്തിയ കുൽദീപ് ബിഷ്ണോയി എംഎൽഎയെ രാഹുൽ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലും  സ്വതന്ത്രന്മാരായി ഇറക്കിയ മാധ്യമ ഉടമകൾക്ക്  ചെറുപാർട്ടികളുടെ പിന്തുണ കിട്ടിയാൽ  സീറ്റുകൾ വെട്ടിപിടിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റിൽ ശിവസേന-ബിജെപി പോരാട്ടം കടുക്കുകയാണ്. മഹാവികാസ് അഘാഡിയുടെ മുഴുവൻ വോട്ടുകളും കിട്ടിയാൽ സീററ് പിടിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.  ഇഡി, സിബിഐ കേസുകളിൽ  ജാമ്യം കിട്ടാത്തതിനാൽ എൻസിപി നേതാക്കളായ നവാബ് മാലിക്ക്, അനിൽ ദേശ് മുഖ് എന്നീ നേതാക്കൾ വോട്ട് ചെയ്തില്ല. 

You may also like

error: Content is protected !!
Join Our WhatsApp Group