ബംഗളൂരു: സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സസ്യാഹാരം മാത്രമാക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ വെജിറ്റേറിയൻസ് ഫെഡറേഷൻ (എ.ഐ.വി.എഫ്) രംഗത്ത്. ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെയാണ് എ.ഐ.വി.എഫ് പ്രതിഷേധവുമായി എത്തിയത്.
സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ മുട്ട നൽകുന്നതിന് പകരം മൾട്ടിവിറ്റാമിൻ ഉള്ള സസ്യാഹാര ഭക്ഷണം നൽകണമെന്നാണ് എഐവിഎഫിന്റെ ആവശ്യം. ലിംഗായത്ത്, ജൈനർ, ബ്രാഹ്മണർ തുടങ്ങിയ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരാണ് ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സസ്യാഹാരത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് മാത്രമായി സസ്യാഹാര അങ്കണവാടികളും സ്കൂളുകളും സ്ഥാപിക്കണമെന്നും ഇവർ പറയുന്നു.അതേസമയം, ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കുട്ടികൾക്ക് പോഷാകാഹാരക്കുറവുണ്ട് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സർക്കാർ ഏഴു ജില്ലകളിൽ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.