തിരുവനന്തപുരം: രണ്ടര വയസുകാരി ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വാദങ്ങള്‍ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്.ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ വച്ചും ഡോക്ടർ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ കുത്തിവെപ്പ് നല്‍കിയതിന് പിന്നാലെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. അതിന് ശേഷമാണ് ആരോഗ്യനില വഷളായത്. വീട്ടില്‍ നിന്ന് നടന്ന് വന്ന കുഞ്ഞിനെയാണ് അബോധാവസ്ഥയില്‍ എത്തിച്ചെന്ന് ആശുപത്രി അധികൃതർ പറയുന്നത്. കുത്തിവെപ്പ് എടുത്ത ശേഷമാണ് കുട്ടിയുടെ നില വഷളായതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശിയാണ് സിദ്ദിഖ്. ഐഷാ ഫാത്തിമയുടെ മരണത്തില്‍ കാട്ടാക്കടയിലെ മമല്‍ ആശുപത്രിക്കെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.കുട്ടിക്ക് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇഞ്ചക്ഷൻ എടുത്ത ശേഷം കുട്ടിയുടെ നില വഷളായതായാണ് കുടുംബം പരാതിയില്‍ പറയുന്നത്. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മമല്‍ ആശുപത്രിയിലെ ഡോക്ടർ അരുണ്‍ വാര്യർ പ്രതികരിച്ചത്. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നല്‍കി. നെയ്യാർ മെഡിസിറ്റിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് നേരിയ പള്‍സ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. നെയ്യാർ മെഡിസിറ്റിയില്‍ നിന്ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.