ബെംഗളൂരു: ബെംഗളൂരുവിലെ വായു മലിനീകരണ തോത് കുത്തനെ വർധിച്ചതായി ഗ്രീൻ പീസ് ഇന്ത്യയുടെ റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരാമവധി വായുമലിനീകരണതോത് ബെംഗളൂരു അടക്കമുള്ള ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങൾ കടന്നതായും റിപ്പോർട്ട് പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2020 നവംബർ മുതൽ 2021 നവംബർ വരെയുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഗ്രീൻ പീസ് ഇത് കണ്ടെത്തിയത്.
ബെംഗളൂരുവിന് പുറമെ കർണാടകയിലെ മൈസൂരു, ഹാസൻ, മംഗളൂരു എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. ഹൈദരാബാദ്, ചെന്നൈ, കൊച്ചി, അമരാവതി, വിശാഖപട്ടണം, പുതുച്ചേരി, കോയമ്പത്തൂർ എന്നിവയാണ് മറ്റു നഗരങ്ങൾ. വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവ്, മാലിന്യം കത്തിക്കൽ, നിർമാണ മേഖലയിൽ നിന്നും ഫാക്ടറികളിൽ നിന്നും റോഡുകളിൽ നിന്നുമുള്ള പുകപടലങ്ങൾ എന്നിവയാണ് വായു മലിനീകരണമുയർത്തുന്നതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ അനുഭവിക്കുന്നത് പോലുള്ള മലിനീകരണ പ്രശ്നങ്ങൾ ബെംഗളൂരു അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങൾ വൈകാതെ അനുഭവിക്കേണ്ടിവരുമെന്നും ഗ്രീൻ പീൻസ് കാമ്പയിൻ മാനേജർ അവിനാഷ് ചഞ്ചൽ മുന്നറിയിപ്പ് നൽകുന്നു.