ബെഗളൂരു: ഡല്‍ഹിക്ക് ശേഷം പഞ്ചാബ് പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി വീണ്ടും മുന്നോട്ടുപോകാനുള്ള നീക്കങ്ങളിലാണ്.ബിജെപിയെ പരാജയപ്പെടുത്തല്‍ എളുപ്പമല്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസിന് ബദലായി വളരാനാണ് ആപ്പിന്റെ ലക്ഷ്യം. ഇത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുന്നതും, അതുകൊണ്ട് തന്നെ അടുത്തതായി ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള കര്‍ണാടകത്തിലേക്കാണ്.അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാര്‍ത്ഥികള്‍ എല്ലാ വാര്‍ഡുകളിലുമുണ്ടാകും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകത്തിലെ ഒട്ടേറെ പ്രമുഖര്‍ എ.എ.പി.യുടെ ഭാഗമാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി പറഞ്ഞു.സംസ്ഥാനത്ത് ബിജെപി.ക്കും കോണ്‍ഗ്രസിനും ജെ.ഡി.എസിനും ബദലായി എ.എ.പി. മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബില്‍ ലഭിച്ച തകര്‍പ്പന്‍ വിജയം പാര്‍ട്ടിക്ക് നഗരങ്ങളിലും മെട്രോപൊളിറ്റന്‍ സിറ്റികളിലും മാത്രമല്ല, കാര്‍ഷിക-ഗ്രാമീണമേഖലയിലും കടന്നുകയറാനാകുമെന്നാണ് തെളിയിക്കുന്നതെന്നും പറഞ്ഞു. ബെംഗളൂരുവില്‍ നഗരസഭാതിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും മത്സരത്തിനിറങ്ങാന്‍ എ.എ.പി. നേരത്തേ തീരുമാനമെടുത്തിരുന്നു.
ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതിന്റെ മാതൃക മെട്രോ നഗരമായ ബെംഗളൂരുവിലും പയറ്റാനാകുമെന്നാണ് അവര്‍ കരുതുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും പാര്‍ട്ടിയുണ്ടാക്കുന്ന മാറ്റങ്ങള്‍ ബെംഗളൂരുവിലെ വീടുകള്‍തോറും എത്തിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. വരുന്ന മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമെന്ന് നേതാക്കള്‍ പറയുന്നു.കര്‍ണാടകത്തിന് പുറമേ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ആം ആദ്മി കണ്ണുവെക്കുന്നുണ്ട്. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആപ്പ് മികച്ച നേട്ടവും കൊയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്തി ബിജെപിയെ ഞെട്ടിച്ച ഒരു നീക്കം ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുണ്ടായി. ഗുജറാത്തിലെ ഹെഡ് ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദം നടക്കുന്ന സമയം. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആ മാസം 20ന് ഗുജറാത്ത് ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗാന്ധിനഗറിലുള്ള ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തേക്ക് ഇടിച്ചുകയറി. ഒരു പക്ഷെ സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് പോലും ധൈര്യപ്പെടാത്ത കാര്യം. അതാണ് ഇന്ന് ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നതും. തുടക്കത്തില്‍ ഭരണം പിടിക്കാനായില്ലെങ്കില്‍ പോലും കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപിയുടെ മുഖ്യപ്രതിപക്ഷമാവുക. പഞ്ചാബ് തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ ഗുജറാത്തിന്റെ ചുമതലയുള്ള ഡല്‍ഹി എംഎല്‍എ ഗുലാബ് സിങ് പറഞ്ഞതും ഇക്കാര്യമാണ്.നിയമസഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാന്‍ പോവുകയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് പറഞ്ഞ ഗുലാബ് സിങ്, പാര്‍ട്ടിയില്‍ അംഗമാകാന്‍ നിരവധി പേരാണ് മുന്നോട്ടു വരുന്നതെന്നും വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള അംഗത്വ വിതരണവും പാര്‍ട്ടി കഴിഞ്ഞ ദിവസം തുടങ്ങി വച്ചു. പഞ്ചാബ് വിജയാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ 16 വരെ സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടണങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ‘തിരംഗ യാത്ര’ നടത്തുമെന്നും ഗുലാബ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഏപ്രില്‍ ആദ്യം കേജ്രിവാളും പഞ്ചാബില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിച്ച ഭഗവന്ത് മന്നും ഗുജറാത്തിലെത്തുന്നുമുണ്ട്.
തുടക്കത്തില്‍ ബിജെപിയെ അട്ടിമറിക്കാമെന്ന് കരുതുന്നില്ല എന്ന് പറയുമ്ബോഴും കോണ്‍ഗ്രസിനു പകരം പ്രധാന പ്രതിപക്ഷം തങ്ങളാകുമെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. അടുത്ത ഒന്‍പതു മാസം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ പറയുന്നു. ഒറ്റയടിക്ക് ബിജെപിയെ എതിര്‍ക്കാതെ കോണ്‍ഗ്രസ് ഇപ്പോള്‍ കയ്യാളുന്ന സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണ് ആപ് തന്ത്രം.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞടുപ്പാണ് ആം ആദ്മി പാര്‍ട്ടിയുടെ വരവ് ആദ്യമായി അറിയിച്ചത്. സാധാരണ ബിജെപിയും കോണ്‍ഗ്രസും പങ്കുവയ്ക്കുന്ന സീറ്റുകളില്‍ ഭൂരിഭാഗവും ബിജെപി നേടിയപ്പോള്‍ 27 സീറ്റുകളില്‍ വിജയിച്ചു കൊണ്ടാണ് ആപ് രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ നേട്ടം പൂജ്യം. ആകെയുള്ള 120 സീറ്റുകളില്‍ 93 എണ്ണം നേടിയ ബിജെപിക്ക് പക്ഷേ 2.42 ശതമാനം വോട്ട് കുറഞ്ഞു. ബിജെപി 49.08 ശതമാനവും ആപ് 28.58 ശതമാനവും വോട്ട് നേടിയപ്പോള്‍ 2015ലേതിനേക്കാള്‍ 9.23 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്.
പ്രബലരായ പട്ടേല്‍ സമുദായത്തിനിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് സൂറത്ത് വിജയത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. സൗരാഷ്ട്ര മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് പാര്‍ട്ടി വളരുന്നു എന്നതിന്റെ സൂചനയായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആറ് കോര്‍പറേറ്റര്‍മാരെ ഇതിനിടെ ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരൊക്കെ ബിജെപിയിലെത്തുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ ഉയര്‍ത്തുന്ന ഭീഷണി ബിജെപി ഗൗരവമായാണ് കാണുന്നതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
കോണ്‍ഗ്രസിന്റെ റിബല്‍ നേതാക്കളാരും ആപ്പിലേക്ക് പോകാതിരിക്കാനും ആപ്പിന്റെ നേതാക്കളെ ബിജെപിയിലേക്ക് ‘ആകര്‍ഷിക്കാ’നും അവര്‍ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത് ബിജെപിയുടെ ബി ടീമായാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് അതുവഴി. അതുകൊണ്ടു തന്നെ ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ 25 ശതമാനം വരെ വോട്ടു സമാഹരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കും.ആം ആദ്മി പാര്‍ട്ടി ഹിമാചലില്‍ ഉയര്‍ത്താന്‍ പോകുന്ന ഭീഷണിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആശങ്കപ്പെടുന്നുണ്ട്. പഞ്ചാബുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം അവിടെയും സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല. അതിര്‍ത്തി മേഖലയിലെ ചില സീറ്റുകളില്‍ തീര്‍ച്ചയായും ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ എംഎല്‍എമാരടക്കം കൂറു മാറുന്നതിന് സാധ്യതയുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം നടപടികള്‍ സ്വീകരിച്ചു തുടങ്ങണമെന്നും ഇവര്‍ പറയുന്നു.അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനം കൂടിയാണ് ഹിമാചല്‍ പ്രദേശ്. അടുത്തിടെ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും ഷിംല ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ അമ്ബരപ്പിച്ച് കോണ്‍ഗ്രസ് വിജയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തമായ ഗ്രൂപ്പ് പോര് ഈ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പുറമെയാണ് ആം ആദ്മി പാര്‍ട്ടി പുതിയതായി ഉയര്‍ത്തുന്ന ഭീഷണി.