Home Featured അന്ന് ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുത്തു, ഇന്ന് ആ ഏഴുവയസുകാരനുമായി എവറസ്റ്റ് കീഴടക്കാനെത്തി; വിസ്മയിപ്പിക്കുകയാണ് ആദിത്യയും അവ്‌നീഷും

അന്ന് ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുത്തു, ഇന്ന് ആ ഏഴുവയസുകാരനുമായി എവറസ്റ്റ് കീഴടക്കാനെത്തി; വിസ്മയിപ്പിക്കുകയാണ് ആദിത്യയും അവ്‌നീഷും

ന്യൂഡൽഹി: സിംഗിൾ പാരന്റ് ആവുകയെന്നത് തന്നെ വലിയ ഉയരങ്ങൾ കീഴടക്കുന്നതു പോലെയാണെന്നിരിക്കെ ആദിത്യ ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുത്താണ് ജീവിത യാത്രയിൽ മറ്റുള്ളവരെ വിസ്മയിപ്പിച്ചത്. ഇന്നാകട്ടെ ആ കുഞ്ഞിനേയും കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ പുറപ്പെട്ടിരിക്കുകയാണ് ഈ യുവാവ്.

ജന്മനാ ഡൗൺസിൻഡ്രോം ബാധിതനായ അവ്നീഷും അവന്റെ പിതാവ് ആദിത്യയും എവറസ്റ്റ് കീഴടക്കാനായി യാത്ര പുറപ്പെടുമ്പോൾ ആശങ്ക മുഴുവൻ അവ്‌നീഷിന്റെ കാര്യത്തിലായിരുന്നു. ഏഴുവയസുകാരനായ അവ്‌നീഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ ഉയരങ്ങളെ കീഴടക്കാനുള്ള യാത്രയ്ക്ക് ഇതൊന്നും തടസ്സമായില്ല.

ദത്തുപുത്രന്റെ ആഗ്രഹത്തോട് നോ പറയാതെ ആദിത്യ തിവാരി എല്ലാ പിന്തുണയുമായി കൂടെ ഉറച്ചുനിന്നു. എവറസ്റ്റ് ബേസ് ക്യാമ്പിൽനിന്ന് ആരംഭിച്ച മലകയറ്റത്തിനൊടുവിൽ 5500 മീറ്റർ ഇരുവരും ഉയരം കീഴടക്കുകയും ചെയ്തു. അവ്നീഷിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മരുന്ന്, ഭക്ഷണം, നെബുലൈസിങ് മെഷീൻ എന്നിവയെല്ലാം ഒപ്പം കരുതിയിരുന്നു.

ഏപ്രിൽ 14-നാണ് യാത്രയാരംഭിച്ചത്. കൊടുമുടി കീഴടക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ തിരിച്ചിറങ്ങേണ്ടിവന്നു. കാലാപത്തർ പർവതത്തിൽ ദേശീയപതാക ഉയർത്തിയാണ് ഇരുവരും മടങ്ങിയത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ ആദിത്യയും അവ്‌നീഷും വീണ്ടും വാർത്തകളിൽ നിറയുന്നത് ഇവരുടെ ഈ അപൂർവയാത്രയുടെ കഥ പറഞ്ഞാണ്.

അഞ്ചുവർഷംമുമ്പാണ് ആദിത്യ തിവാരി അവ്നീഷിനെ ദത്തെടുത്തത്. പൂനെയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ആദിത്യ ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുത്തത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കുതിൽ നിന്ന് ആർക്കും ആരെയും തടയാനാകില്ല എന്ന സന്ദേശമാണ് അവ്‌നീഷ് ലോകത്തിന് നൽകുന്നതെന്ന് ആദിത്യ പറഞ്ഞു. 5500 മീറ്റർ ഉയരം കീഴടക്കുന്ന ഡൗൺസിൻഡ്രോം ബാധിച്ച ആദ്യത്തെ കുട്ടിയായി ചരിത്രം തിരുത്തുകയും ചെയ്താണ് അവ്‌നീഷ് യാത്ര പൂർത്തിയാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group