ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കാനോ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനോ ആദ്യം വേണ്ടത് കെവൈസി നടപടികളാണ്. ഇക്കാലത്ത് ഇലക്ട്രോണിക് കെവൈസികള്‍ ഇടപാടുകള്‍ കുറച്ചു കൂടെ ലളിതമാക്കിയിട്ടുണ്ടെങ്കിലും ഓരോ ഇടപാടിനും കെവൈസി നിര്‍ബന്ധമാണ്.ബാങ്കില്‍ നിന്ന് ഇന്‍ഷൂറന്‍സ് കമ്ബനിയിലേക്ക് പോയാലും ഇത് തന്നെയാണ് അവസ്ഥ.
ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍, ലോക്കല്‍ സൗകര്യം, മ്യൂച്വല്‍ ഫണ്ട്, ഓഹരി, ബോണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷൂറന്‍സ് പോളിസി വാങ്ങല്‍ എന്നിവയുടെ കെവൈസി നടപടികള്‍ക്ക് വിവിധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും.കെവൈസി വിവരങ്ങള്‍ക്ക് പ്രധാനമായും ആധാര്‍, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് ആവശ്യമായി വരുന്നത്.
ഇതില്‍ പ്രധാനികളാണ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ. രേഖകളുടെ പകര്‍പ്പ് ഹാജരാക്കുന്നതിനൊപ്പം ഇന്‍ പേഴ്സണല്‍ വെരിഫിക്കേഷനായി (ഐപിവി) ഒറിജിനല്‍ രേഖകളും അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഹാജരാക്കേണ്ടതുണ്ട്. ഒന്നിലധികം രേഖകളുടെ വലച്ചില് ഏതൊരാള്‍ക്കും കല്ലുകടിയാണ്. എന്നാല്‍ ഇത്തരം സങ്കീര്‍ണതകളിലേക്ക് പോകാതെ തന്നെ സാമ്ബത്തിക കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
കെവൈസി
ഇപ്പോള്‍ എങ്ങനെയാണ് കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതെന്ന് നോക്കാം. ഓരോ സ്ഥാപനങ്ങളിലും സേവനങ്ങള്‍ക്ക് ഓരോ തവണയും കെവൈസി വിവരങ്ങള്‍ നല്കി കൊണ്ടിരിക്കണം. ഒരു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ കെവൈസി വിവരങ്ങള്‍ നല്കിയാല് മ്യൂച്വല്‍ ഫണ്ട് നിക്ഷേപ സമയത്തും ഇതേ നടപടികള്‍ വീണ്ടും ചെയ്യേണ്ടതുണ്ട്. ഇത് ഇന്‍ഷൂറന്‍സ് തുടങ്ങിയ മിക്ക സാമ്ബത്തിക ഇടപാടുകള്‍ക്കും ബാധകമാണ്.
കെവൈസി നടപടിക്കായി വ്യത്യസ്ത രേഖകള്‍ എല്ലായിടത്തും സ്വീകാര്യമായതിനാല്‍ വ്യത്യസ്ത സാമ്ബത്തിക സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യത്യസ്തമായ രേഖകള്‍ സമര്‍പ്പിക്കാനാകും. എന്നാല്‍ ഈ നടപടികള്‍ ഒഴിവാക്കാന്‍ ‘ഒറ്റത്തവണ കെവൈസി’ യാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സെന്‍ട്രല്‍ കെവൈസി (Central KYC) അഥവാ സികെവൈസി നടപ്പാക്കാനാണ് ആലോചന.
സികെവൈസി
ഓരോ സ്ഥാപനങ്ങള്‍ക്കും വ്യത്യസ്ത കെവൈസി രേഖകള്‍ സമര്പ്പിക്കുമ്ബോഴുണ്ടാകുന്ന രേഖകളിലെ പൊരുത്തക്കേട് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച ആശയമാണ് സെന്‍ട്രല്‍ കെവൈസി എന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി സേവനങ്ങളെ ഉള്‍കൊള്ളുന്നതാണ് സികെവൈസി.
ഇത് നടപ്പിലാക്കുകയാണെങ്കില്‍ സാമ്ബത്തിക കാര്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ കെവൈസി ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. പകരം സികെവൈസി നമ്ബരാണ് നല്‍കേണ്ടത്.രാജ്യത്തുടനീളം ഇത് ഉപയോഗിക്കാനാകും. ഇതുവഴി ബാങ്കുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഏതൊക്കെ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെന്ന വിവരങ്ങള്‍ ലഭ്യമാക്കാനും തട്ടിപ്പുകള്‍ തടയാനും സികെവൈസി സഹായിക്കും.
തട്ടിപ്പുകള്‍ക്ക് പിടിവീഴും
ഒരു ബാങ്കിന്റെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ സമാന തരത്തിലുള്ള അക്കൗണ്ടുകള്‍ (സേവിംഗ്സ് അക്കൗണ്ട്) ആരംഭിക്കുന്നതിന് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് വിലക്കുണ്ട്. 5 ലക്ഷം രൂപയുടെ ഡിഐസിജിസി ഇന്‍ഷൂറന്‍സിനായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്ന പ്രവണതയുണ്ട്.ഇതിനൊപ്പം ലഘു സമ്ബാദ്യ പദ്ധതികളില്‍ അധിക തുക നിക്ഷേപിച്ചുള്ള തട്ടിപ്പിനും പിടി വീഴ്ത്താന്‍ സികെവൈസി സഹായിക്കും.
ഒന്നില്‍ കൂടുതല്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനോ വ്യത്യസ്ത ബാങ്കുകളില്‍ ഒന്നിലധികം സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച് 15 ലക്ഷത്തിലധികം നിക്ഷേപിക്കുന്നത് പോലുള്ള തട്ടിപ്പുകള്‍ തടയാനാകും