ദില്ലി: എന്‍ഡിടിവിയുടെ 29% ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ സമ്മതമോ അറിയിപ്പോ ഇല്ലാതെയാണെന്ന് എന്‍ഡിടിവി സ്ഥാപക-പ്രൊമോട്ടർമാര്‍. എന്‍ഡിടിവി സ്ഥാപക പ്രമോട്ടര്‍മാരായ രാധികയുമായും പ്രണോയ് റോയിയുമായോ ഒരു ചർച്ചയും കൂടാതെയാണ് 29 ശതമാനത്തോളം ഓഹരി കൈകാര്യം ചെയ്യുന്ന ആര്‍ആര്‍പിആര്‍ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത് എന്നാണ് കമ്പനി പറയുന്നത്.
രണ്ട് ദിവസം മുന്‍പ് വിസിപിഎല്‍ ആര്‍ആര്‍പിആര്‍എച്ചിന് ഒരു നോട്ടീസ് അയച്ചിരുന്നു. എൻഡിടിവിയുടെ 29.18% ഈ സ്ഥാപനത്തിന് സ്വന്തമാണ്. അതിന്‍റെ എല്ലാ ഇക്വിറ്റി ഷെയറുകളും വിസിപിഎല്ലിന് കൈമാറാൻ രണ്ട് ദിവസത്തെ സമയം അനുവദിച്ചായിരുന്നു നോട്ടീസ്. 2009-10ൽ എൻഡിടിവി സ്ഥാപകരായ രാധിക, പ്രണോയ് റോയ് എന്നിവരുമായി ഉണ്ടാക്കിയ വായ്പാ കരാറിന്‍റെ അടിസ്ഥാനത്തിലാണ് വിസിപിഎൽ ഈ നോട്ടീസ് അയച്ചത്.

എന്നാല്‍ എന്‍ഡിടിവി സ്ഥാപകരുമായി ഒരുതരത്തിലും ചര്‍ച്ച ചെയ്യാതെയാണ് വായ്പാ കരാറിലെ വ്യവസ്ഥ ഉപയോഗിച്ച് ഇത്തരം ഒരു നീക്കം നടത്തിയത് എന്നാണ് ഇന്ന് പുറത്തിറക്കിയ ഒരു വിശദീകരണ കുറിപ്പില്‍ എന്‍ഡിടിവി സ്ഥാപക പ്രമോട്ടര്‍മാര്‍ പറയുന്നത്. സ്ഥാപകരുടെ ഷെയർഹോൾഡിംഗിൽ മാറ്റമില്ലെന്ന് ഇന്നലെ തന്നെ എൻഡിടിവി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നുവെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
എൻഡിടിവി അതിന്‍റെ പ്രവർത്തനങ്ങിലും ജേര്‍ണലിസത്തിലും ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും. പിന്തുടരുന്ന ജേര്‍ണലിസത്തില്‍ ഞങ്ങൾ അഭിമാനത്തോടെ നിലകൊള്ളുന്നുവെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പ് പറഞ്ഞത്
എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎൽ പത്രക്കുറിപ്പിൽ പറയുന്നത്.
അതേ സമയം സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു.
“വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട് വയ്ക്കുന്നു, 2011 ലെ സെബിയുടെ (ഷെയറുകളുടെയും ഏറ്റെടുക്കലുകളുടെയും കാര്യമായ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഇത് ” വാര്‍ത്ത കുറിപ്പ് പറയുന്നു.
ദൃശ്യവിസ്‍മയമാവാന്‍ വിനയന്‍ ചിത്രം; ‘പത്തൊമ്പതാം നൂറ്റാണ്ട്’ വീഡിയോ സോംഗ്
വിനയന്‍റെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ടിലെ വീഡിയോ സോംഗ് പുറത്തെത്തി. പൂതം വരുന്നെടീ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പ്. വിനയന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പേര് പോലെ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്ര കഥാപാത്രം. സിജു വില്‍സണ്‍ ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. നേരത്തെ മെറ്റാവേഴ്സിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.
തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്. സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് കട്ടുകളൊന്നും കൂടാതെ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടുവെന്ന് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.